ഏഴാച്ചേരി : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടക്കുന്ന തൂലികാ പൂജയ്ക്കുള്ള തൂലികാ സമർപ്പണ വഴിപാട് നടന്നു. തുമ്പയിൽ രാമകൃഷ്ണൻ നായരിൽ നിന്ന് തൂലികകൾ ഏറ്റുവാങ്ങി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മുളവേലിപ്പുറത്തുമന ഹരി നമ്പൂതിരി തൂലികാ സമർപ്പണം നിർവഹിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തൂലികാ പൂജയ്ക്കുള്ള പേനകൾ വഴിപാടായി സമർപ്പിക്കുന്നത് തുമ്പയിൽ രാമകൃഷ്ണൻ നായരാണ്. കാവിൻപുറം ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ വിജയകുമാർ ചിറയ്ക്കൽ, ഭാസ്‌ക്കരൻ നായർ കൊടുങ്കയം , ത്രിവിക്രമൻ തെങ്ങുംപിള്ളിൽ, ചിത്രാ വിനോദ് , സുനിൽകുമാർ തുമ്പയിൽ എന്നിവർ പ്രസംഗിച്ചു. നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെട്ട തൂലികകൾ മേൽശാന്തി നാരായണൻ നമ്പൂതിരി ഏറ്റുവാങ്ങി സരസ്വതീ മണ്ഡപത്തിലേക്ക് മാറ്റി. നവരാത്രി നാളിൽ സരസ്വതീ മണ്ഡപത്തിൽ ഗ്രന്ഥപൂജയോടൊപ്പം നടത്തുന്ന തൂലികാ പൂജയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് പേനകൾ പ്രസാദമായി വിതരണം ചെയ്യും.