കൂരാലി : കുടിവെള്ള സൗകര്യമില്ലാത്തതിനാൽ നിർമ്മാണം പൂർത്തിയായിട്ടും ഉപയോഗിക്കാനാകാതെ ഇളങ്ങുളം വില്ലേജ് ഓഫീസ് ക്വാർട്ടേഴ്‌സ് കെട്ടിടം. ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ഇളങ്ങുളം വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സാണ് അധികൃതരുടെ അനാസ്ഥയിൽ കാടുകയറി നശിക്കുന്നത്. ഭൂഗർഭ ജലവകുപ്പ് സ്ഥാനനിർണയം നടത്തി കുഴൽക്കിണർ കുഴിച്ചിട്ട് വെള്ളം ലഭിക്കാതായതോടെ താമസസൗകര്യമൊരുക്കാനായില്ല. സ്വകാര്യവ്യക്തി സൗജന്യമായി വില്ലേജ് ഓഫീസിന് നൽകിയ 50 സെന്റ് സ്ഥലത്താണ് രണ്ടു കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടം പണിതത്. ജലഅതോറിട്ടിയുടെയോ പഞ്ചായത്ത് പദ്ധതികളുടെയോ വാട്ടർകണക്ഷൻ പ്രദേശത്തില്ല. വാടകവീടുകൾ കിട്ടാൻ ബുദ്ധിമുട്ടുള്ള നാട്ടിൽ ദൂരെനിന്നെത്തുന്ന ജീവനക്കാർക്ക് പ്രയോജനപ്പെടുത്താനാണ് സർക്കാർ ക്വാർട്ടേഴ്‌സ് നിർമിച്ചത്. കുടിവെള്ള സൗകര്യം ലഭ്യമാക്കിയില്ലെങ്കിൽ കെട്ടിടം ആർക്കും പ്രയോജനമില്ലാതെ നശിക്കുന്ന സ്ഥിതിയിലാണിപ്പോൾ.
നിർമ്മാണം പൂർത്തിയായത് ഒരുവർഷം മുൻപ്
കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിൽ
കുഴൽക്കിണർ കുഴിച്ചെങ്കിലും വെള്ളം കണ്ടില്ല
''
ആർക്കും പ്രയോജനമില്ലാതെ കാടുകയറി നശിക്കാനാണ് കെട്ടിടത്തിന്റെ വിധി. എത്രയും വേഗം വെള്ളം എത്തിക്കാൻ ബദൽ മാർഗം തേടണം.
മോഹൻ, പ്രദേശവാസി