കോട്ടയം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒന്നര കോടിയിലധികം രൂപ മുടക്കി കോടിമതയിൽ നിർമ്മിച്ച വാക്ക് വേയും സ്‌നാക്‌സ് പാർലറും പൊളിഞ്ഞു. ഇതോടെ ഇതുവഴി കാൽനടയാത്ര പോലും അസാദ്ധ്യമായി. നാലു വർഷം മുൻപ് നിർമ്മിച്ച വാക്‌വേയാണ് ഇപ്പോൾ പൂർണമായും പൊളിഞ്ഞത്. കോടിമതയിൽ ജലടൂറിസത്തിനുള്ള ആധുനിക സൗകര്യങ്ങളും, ആഡ്വഞ്ചർ ടൂറിസം പദ്ധതിയുമാണ് ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നത്. കോടിമതയെയും പഴയ ബോട്ട് ജെട്ടിയെയും പരസ്‌പരം ബന്ധിപ്പിച്ചുള്ള വാക്ക്‌വേയും സ്‌നാക്‌സ് പാർലറുമായിരുന്നു ഇതിൽ ഏറ്റവും ആകർഷണം. അഡ്വഞ്ചർ വാട്ടർ ടൂറിസം പദ്ധതി കൂടി ഡി.ടി.പി.സി വിഭാവനം ചെയ്‌തിരുന്നെങ്കിലും ആളുകൽ എത്താതെ വന്നതോടെ ഇത് ആദ്യം തന്നെ പാളി.

ഇതിനു പിന്നാലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാക്ക് വേയും, സ്‌നാക്‌സ് പാർലറും നിർമ്മിക്കുകയായിരുന്നു. സായാഹ്‌നങ്ങളിൽ കുടുംബത്തോടൊപ്പം ഇവിടെ ചിലവഴിക്കാനും, ഭക്ഷണം കഴിക്കാനും അടക്കമുള്ള ക്രമീകരണമായിരുന്നു പദ്ധതി വിഭാവനം ചെയ്‌തിരുന്നതെങ്കിലും ഒന്നും നടന്നില്ല.

വാക്ക് വേയിലെ ടൈലുകൾ പൂർണമായും ഇളകി പല ഭാഗത്തും കുഴി രൂപപ്പെട്ടു. ടൈലുകൾക്കു വശങ്ങളിലായി നാട്ടിയിരുന്ന ഇരുമ്പ് തൂണുകളും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. കൊടൂരാറിന്റെ സംരക്ഷണ ഭിത്തി പലസ്ഥലത്തും ആറ്റിലേയ്‌ക്ക് ഇടിഞ്ഞു തുടങ്ങിയതും വാക്ക് വേയെ ദുർബലപ്പെടുത്തുന്നു.

അറ്റകുറ്റപണി

പരിശോധിക്കും

വാക്ക് വേയിലുണ്ടായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപണി നടത്തി അടിയന്തര നടപടികൾ സ്വീകരിക്കും. പദ്ധതി പൂർത്തിയാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

--

ജില്ലാ ടൂറിസം

പ്രമോഷൻ കൗൺസിൽ