തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് റോഡിൽ കെ.ആർ ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന കാൽനടയാത്രക്കാർ ആരും ഒന്ന് അമ്പരക്കും. റോഡരികിൽ കിടക്കുന്ന വാഹനത്തിൽ കാട് പടർന്ന് പിടിച്ച് കിടക്കുന്നതാണ് കാരണം. പൊലീസ് പിടികൂടി വർഷങ്ങളായി പ്രധാന റോഡിന്റെ വളവ് ഭാഗത്ത് ഇട്ടിരിക്കുന്ന വാഹനത്തിൽ കാട്പിടിച്ചത് റോഡിന്റെ എതിർഭാഗത്തെ കാഴ്ച മറയ്ക്കുന്നു. വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമാണ് കാണാൻ സാധിക്കുക. അതുകൊണ്ട് ഇവിടെ അപകടങ്ങളും വർദ്ധിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടം ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി മാറിയതാണ് മറ്റൊരു പ്രശ്നം. റോഡിന് വീതി കുറവായതിനാൽ കാൽനടയാത്രയും ഏറെ ദുർഘടമാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ഇത്തരത്തിൽ പൊലീസ് പിടികൂടി ഇട്ടിരിക്കുന്ന വാഹനങ്ങൾ കാട്പിടിച്ച് കിടക്കുന്നത് വ്യാപാരികളേയും ബുദ്ധിമുട്ടിക്കുന്നു. പൊലീസ് സ്റ്റേഷന് മുൻവശത്ത് വിവിധ കേസുകളിൽപ്പെട്ട് പിടികൂടി ഇട്ടിരുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് നീക്കം ചെയ്തിരുന്നു. കേസിൽ പെട്ട് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടകറ്റണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.