കോട്ടയം: അപ്പർ കുട്ടനാടൻ നെൽപ്പാടങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 23.73 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു. വൈക്കം കരിനിലവികസന ഏജൻസിയുടെ പരിധിയിൽപ്പെടുന്ന 11 പഞ്ചായത്തുകളിലെ പാടശേഖരങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുറം ബണ്ട് നിർമ്മാണം, പമ്പ് സെറ്റുകൾ, തോടുകളുടെ ആഴംകൂട്ടൽ തുടങ്ങിയ പ്രവൃത്തികൾക്കാണ് തുക വിനിയോഗിക്കുക. പുറംബണ്ടുകൾ ബലപ്പെടുത്തുന്നതോടെ മഴക്കെടുതികളും, തോടിന്റെ ആഴം കൂട്ടുന്നതോടെ വരൾച്ചയും അതിജീവിച്ച് എല്ലാവർഷവും കൃത്യമായ സീസണിൽ രണ്ട് കൃഷിചെയ്യാൻ സാധിക്കും. രാഷ്ട്രീയ കൃഷി വികാസ് യോജന' 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ഭൂവികസന കോർപ്പറേഷൻ (കെ.എൽ.ഡി.സി) വൈക്കം ഓഫീസാണ് ഇത് സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ഇപ്പോൾ അനുവദിച്ച തകയ്ക്ക് പുറമെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കെ.എൽ.ഡി.സി തയ്യാറാക്കിയ 45 കോടിരൂപയുടെ പദ്ധതികളും സർക്കാർ ഏറ്റെടുക്കും. ആദ്യഘട്ടത്തിൽ അനുവദിച്ച തുകയിൽനിന്ന് വെച്ചൂർ പഞ്ചായത്തിലെ മാനാടംകരി പാടത്തും, ഇട്ടയക്കാടൻകരി പാടത്തും ഓരോ മോട്ടോർതറകളുടെ നിർമ്മാണം പൂർത്തിയാക്കി. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിൽ വിവിധ പ്രവൃത്തികൾക്കുള്ള ടെന്റർ നടപടികളുമായി.
ഭരണാനുമതി ലഭിച്ചത് 23.73 കോടി.
പരിഗണനയിലുള്ളത് 45 കോടി
ഗുണഭോക്തൃമേഖല
1. വൈക്കം ബ്ലോക്ക്: 388.86 ലക്ഷം
ഇട്ടയക്കാടൻകരി പാടം, മാനാടംകരി പാടം, വലിയ പുതുക്കരി എ ബ്ലോക്ക്, ചെറുവള്ളിക്കരി, വലിയവെളിച്ചം, അച്ചിനകം പാടം.
2. ഏറ്റുമാനൂർ ബ്ലോക്ക്: 586.36 ലക്ഷം
വടക്കേ താഴ്ചക്കുഴി, മാക്കോത്തറ, നൂറുപറ, വലിയ വിരിപ്പുകാലാ പാടം. തേക്കേവൻതുരുത്തിക്കോൺ പാടശേഖരം, കേളക്കരി, മഞ്ചാടിക്കരി, തോട്ടുങ്കൽ കടവ് പാടശേഖരം.
ടെൻഡർ കഴിഞ്ഞ പ്രവൃത്തികൾ: 196 ലക്ഷം
വെച്ചൂർ കോടിരുത്ത്, വലിയവിരിപ്പുകാല 73ലക്ഷം.
തലയാഴം - വനംനോർത്ത് 24.1 ലക്ഷം.
കാട്ടുകരിപ്പാടം 40.6 ലക്ഷം
ഇടയക്കരിപ്പാടം 36.06 ലക്ഷം
'അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം നെൽകർഷകർ നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് ഇതോടെ പരിഹാരമാകും. ഒന്നുകിൽ പ്രളയം അല്ലെങ്കിൽ വരൾച്ച ഏതായാലും കർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങൾ തന്നെയാണ് സംഭവിക്കുന്നത്. പുറം ബണ്ടുകളുടെ ബലപ്പെടുത്തലും, വേണ്ടസമയത്ത് വെള്ളം പമ്പ് ചെയ്തുകളയാനുള്ള പമ്പ് സെറ്റുകളുമുണ്ടായാൽ ഒരുപരിധിവരെ പ്രശ്നപരിഹാരമാകും. അതോടൊപ്പം വളരെ പ്രധാനപ്പെട്ടതാണ് തോടുകളുടെ ആഴം വർദ്ധിപ്പിക്കുകയെന്നതും.'
- ഇ.എൻ. ദാസപ്പൻ, വൈസ് ചെയർമാൻ, വൈക്കം കരിനില വികസന ഏജൻസി.