ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിക്ക് ബുക്ക് വാല്യൂ അനുസരിച്ച് 160,35,00,015 കോടിയുടെ ആസ്തി. എൻ.എസ്.എസിന്റെ 2018-19 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കും ബാക്കി പത്രവും അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്.
മുന്നിരിപ്പ് ഉൾപ്പെടെ 109,00,98,027 രൂപ മൊത്തം വരവും 92,58,67,843 രൂപ മൊത്തം ചെലവുമാണ്. 16,42,30,184 രൂപ നീക്കിയിരിപ്പും, 2,54,55,998 രൂപ റവന്യൂ മിച്ചവും കാണിക്കുന്ന ഇൻകം ആൻഡ് എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റുമെന്റും ബുക്ക് വാല്യൂ അനുസരിച്ച് 160,35,00,015 രൂപയുടെ സ്വത്തു വിവരവും അടങ്ങുന്ന ബാക്കിപത്രവും റിപ്പോർട്ടും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ അവതരിപ്പിച്ചു. ട്രഷറർ ഡോ.എം.ശശികുമാർ ഓഡിറ്റേഴ്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്കും ബാക്കിപത്രവും പ്രതിനിധി സഭ പാസാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഔദ്യോഗിക പ്രമേയങ്ങൾ അവതരിപ്പിച്ചു. നേതാക്കൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രതിനിധിസഭാ മന്ദിരത്തിൽ പൊതുയോഗം ആരംഭിച്ചത്.