കിടങ്ങൂർ: കാൽനടയാത്രക്കാർക്ക് അധികാരികൾ ഒരു പരിഗണനയും കൊടുക്കുന്നില്ലെങ്കിൽ പിന്നെ കാട്ടുപള്ളകൾക്കെന്തിന് കാരുണ്യം ....? കിടങ്ങൂരിലെ കാൽനടയാത്രക്കാരെ കുരുക്കിലാക്കാൻ ഫുട്പാത്തിൽ അവയും തഴച്ചുവളർന്നു. കാൽനടയാത്രക്കാർക്കല്ല , ഇഴജന്തുക്കൾക്ക് സ്വൈര്യ വിഹാരം നടത്താനാണിപ്പോൾ കിടങ്ങൂരിലെ ഈ ഫുട്പാത്ത്! പഴയ സംഭാര മഠത്തിനു മുൻവശത്തായാണ് ഏറെ കാട്ടുപള്ളകളുള്ളത്. കിടങ്ങൂർ -കോട്ടപ്പുറം പഴയ റോഡിലാണ് ഫുട്പാത്ത് കാട്കയറി നശിക്കുന്നത്. ഈ വർഷത്തെ ഗാന്ധിജയന്തി ദിനത്തിലെങ്കിലും ആരെങ്കിലും ഈ കാടൊന്നു വെട്ടിമാറ്റി ഫുട്പാത്ത് ശുചിയാക്കിയിരുന്നെങ്കിൽ എന്നാണ് കാൽനടയാത്രക്കാരുടെ പ്രാർത്ഥന. ഫുട്പാത്ത് കാടുപിടിച്ച നിലയിൽ ......ഇതിനോടു ചേർന്ന് മെയിൻ റോഡിൽ വാഹന പാർക്കിംഗും .....! ഇങ്ങനെ കൂനിന്മേൽ കുരു ആയതോടെ കാൽ നടയാത്രക്കാർക്ക് റോഡിനു നടുവിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. തുരുതുരെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെയുള്ള കാൽനടയാത്ര അപകട സാദ്ധ്യത വർധിപ്പിക്കുന്നു. കാടുകയറിയ ഫുട്പാത്ത് ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായും മാറിയിരിക്കുകയാണ്. ഇവിടുത്തെ കാടും പടലും മുതലാക്കി പലരും മാലിന്യങ്ങൾ ഫുട്പാത്തിലേക്ക് തള്ളുകയാണ്. കിടങ്ങൂർ പൊലീസ് സ്റ്റേഷനും, പഞ്ചായത്ത് ഓഫീസിനും ഒരു വിളിപ്പാടു മാത്രം അകലെയുള്ള ഫുട്പാത്തിലാണ് കാൽനടയാത്രക്കാരോടുമുള്ള അവഗണനയും മാലിന്യം തള്ളലും നടക്കുന്നത്. പക്ഷേ ഈ രണ്ട് ജനസേവന കേന്ദ്രങ്ങളും ഇക്കാര്യത്തിൽ ചെറുവിരലനക്കുന്നില്ല, എന്നാണാക്ഷേപം. ഫുട്പാത്ത് കാടുകയറി നശിക്കുന്നതു സംബന്ധിച്ച് കിടങ്ങൂർ പൗരസമിതി , വിവിധ അധികാരികൾക്കു നൽകിയ പരാതിയും ചവറ്റുകൊട്ടയിലാണ്.
'' കിടങ്ങൂർ കോട്ടപ്പുറം പഴയ റോഡിലെ ഫുട്പാത്ത് എത്രയും വേഗം കാട് വെട്ടിമാറ്റി തെളിക്കണം. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ ദുരിതം നീക്കാൻ അധികാരികൾ മുന്നോട്ടു വന്നേ പറ്റൂ. ഇക്കാര്യത്തിൽ ഇനിയും അലംഭാവം പാടില്ല. ''
-- കെ. ഗോപിനാഥൻ, കറുകശ്ശേരിൽ, എസ്.എൻ.ഡി.പി യോഗം പിറയാർ ശാഖാ പ്രസിഡന്റ്