കോട്ടയം: ഒരുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം കോടിമതയിൽ നിന്നുള്ള ആലപ്പുഴ ബോട്ട് സർവീസ് ഇന്ന് പുന:രാരംഭിക്കും. കാഞ്ഞിരം മുതൽ കോടിമത വരെ കനാലിന് കുറുകെ സ്ഥാപിച്ചിട്ടുള്ള അഞ്ച് പൊക്കുപാലങ്ങൾ തകരാറിലായതിനെത്തുടർന്ന് ഒന്നരവർഷം മുമ്പാണ് ബോട്ട് സർവീസ് നിറുത്തിവച്ചത്. നാട്ടുകാരുടെയും ജലഗതാഗത വകുപ്പിന്റെയും നിരന്തര അഭ്യർത്ഥന മാനിച്ച് കോട്ടയം നഗരസഭ മുൻകൈ എടുത്ത് പാലങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതോടെയാണ് ഇപ്പോൾ ജലപാത ഗതാഗത യോഗ്യമായത്. സംസ്ഥാനത്ത് നിലവിലുള്ള പ്രധാനപ്പെട്ട ജലപാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ . എന്നാൽ കാഞ്ഞിരം ജെട്ടിയിൽ സർവീസ് അവസാനിപ്പിച്ചതോടെ പരമ്പാരഗത ജലപാതയുടെ പ്രസക്തിതന്നെ നഷ്ടമായി. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്കും വലിയ നഷ്ടമാണ് ഇതുമൂലമുണ്ടായത്.
ജലപാതയിലെ അഞ്ച് പാലങ്ങളിൽ ഒന്ന് യന്ത്രസഹായത്തോടെ ഉയർത്താവുന്നതും ബാക്കിയുള്ളവ വലിച്ച് പൊക്കാവുന്നതുമാണ്. ഇതിനെല്ലാം നിസാരമായി പരിഹരിക്കാവുന്ന തകരാറുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. സമയബന്ധിതമായി പ്രശ്നം പരിഹരിക്കുന്നതിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥത മൂലമാണ് ജലപാത ഒന്നരവർഷത്തോളം അടഞ്ഞുകിടക്കാൻ കാരണമായത്.
ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന സർവീസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എയും നഗരസഭ ജനപ്രതിനിധികളും യാത്രികരാകും. ഇന്ന് രാവിലെ 9 ന് കാഞ്ഞിരം ജെട്ടിയിൽ നിന്ന് കയറുന്ന തിരുവഞ്ചൂരും സംഘവും കോടിമത വരെയാണ് യാത്ര ചെയ്യുന്നത്.
പുതിയ എ.സി. ബോട്ട് വൈകും
ജലപാതയിലെ തടസം നീങ്ങിയാൽ നിലവിലുള്ള ബോട്ട് സർവീസുകൾക്ക് പുറമെ കോട്ടയം- ആലപ്പുഴ റൂട്ടിൽ ഒരു സ്പീഡ് ബോട്ടുകൂടി എത്തുമെന്നായിരുന്നു ജലഗതാഗത വകുപ്പിന്റെ വാഗ്ദാനം. രണ്ടു നിലകളുള്ള പുതിയ എ.സി. ബോട്ട് ഇതിനായി തയ്യാറാക്കുകയും ചെയ്തിരുന്നു. കായൽ കാഴ്ചകൾ ആസ്വദിച്ചുള്ള അതിവേഗയാത്രയായിരുന്നു വാഗ്ദാനം. എന്നാൽ കനാലിലെ തടസങ്ങൾ നീങ്ങിയിട്ടും എ.സി. ബോട്ട് ഉടൻ ഉണ്ടാവില്ലെന്നാണ് പുതിയ വിവരം. അരൂർ നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് ആലപ്പുഴ ജില്ലയിൽ പെരുമാറ്റച്ചട്ടം ബാധകമാണ്. അതുകൊണ്ട് നീരണിയാൻ തയ്യാറായി നിൽക്കുന്ന വേഗബോട്ട് തൽക്കാലം അവിടെത്തന്നെ കിടക്കും.
ബോട്ട് ഷെഡ്യൂൾ (കോടിമത ജെട്ടി)
രാവിലെ 6.45, 11.30,
ഉച്ചക്ക് 1.00,
വൈകിട്ട് 3.30, 05.15
ടിക്കറ്റി നിരക്ക് ₹ 18
'പ്രളയകാലത്ത് കോട്ടയം പട്ടണത്തിൽ കരമാർഗം എത്തിച്ചേരാനാവാതെ കാഞ്ഞിരം, തിരുവാർപ്പ് മേഖലയിലെ ജനങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. ബോട്ട് സർവീസ് പുന: രാരംഭിക്കുന്നതോടെ ഈ ദുസ്ഥിതിക്ക് പരിഹാരമാകും. അതുപോലെ പടിഞ്ഞാറൻ മേഖലയിലെ മലരിക്കൽ ടൂറിസത്തിനും, കാർഷിക മേഖലയ്ക്കും പുത്തനുണർവ് നൽകും'
- ജയേഷ് കോതാടി, തിരുവാർപ്പ് .