കോട്ടയം: ശബരിമല സീസണിൽ കരാറെടുത്തിരുന്നയാളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതായി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ എരുമേലി സി.ഐയ്‌ക്ക് സസ്‌പെൻഷൻ. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ ദിലീപ് ഖാനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്‌തത്.

ഏപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം. എരുമേലിയിൽ ശബരിമല സീസണിൽ കരാർ ജോലികൾ എടുത്തു ചെയ്യുന്നയാളെ ജീവനക്കാരൻ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്. മുക്കൂട്ടുതറ ഭാഗത്ത് വച്ച് ഇയാളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊലീസ് ആരോപിച്ചു. പ്രതിയാക്കപ്പെട്ട യുവാവ് ഒളിവിൽ പോയതോടെ ഇയാളുടെ ഭാര്യാപിതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ചു. ഭാര്യ താമസിക്കുന്ന മാവേലിക്കരയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ യുവാവിന്റെ ഭാര്യാ പിതാവ് സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

യുവാവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സംഭവം നടന്നതായി പറയുന്ന ദിവസം ഇയാൾ എരുമേലിയിൽ ഉണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി.