പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു. 2018-19 സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ടിൽ സി.ഡി.എസിലെ ക്രമക്കേടുകൾ തുറന്നു കാട്ടുന്നുണ്ട്. മാച്ചിംഗ് ഗ്രാന്റായി ലഭിച്ച 20061 രൂപയും റിവോൾഡിംഗ് ഫണ്ടായി ലഭിച്ച 63,000 രൂപയും വിതരണം ചെയ്തിട്ടില്ലെന്നും കൂടാതെ പലിശ സബ്‌സിഡി ഇനത്തിൽ ലഭിച്ച 357473 രൂപാ ഗ്രൂപ്പുകൾക്കുകൊടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ക്ഷീരസാഗരം പദ്ധതിയിൽ ലഭിച്ച 3 ലക്ഷം രൂപ വിതരണം ചെയ്തിട്ടില്ലെന്നും എം.ഇ. യൂണിറ്റിനു വേണ്ടി ലഭിച്ച 4,50,00 രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും സി.ഇ.എഫ്.ഇനത്തിൽ ലഭിച്ച 650,00 രൂപ ചെലവഴിക്കാതെ അക്കൗണ്ടിലുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്.
സി.ഡി.എസ്.മെമ്പർമാരുടെ സംഘം ഓഡിറ്റ് നടത്തിയിട്ടില്ലെന്നും അവർ അഫിലിയേഷൻ പുതുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ചിറക്കടവിലെ സി.ഡി.എസ് ഓഡിറ്റു ചെയ്യുന്നതിനായി 3 പേരെയാണ് നിയമിച്ചിരുന്നത്.ഇതിൽ ചിറക്കടവ് പഞ്ചായത്തിൽ പെട്ട രണ്ടു പേരെ ഒഴിവാക്കി സമീപ പഞ്ചായത്തിലെ ആളെക്കൊണ്ടു മാത്രം ഓഡിറ്റ് ചെയ്യിച്ചത് കൂടുതൽ ക്രമക്കേടുകൾ പുറത്തു വരാതിരിക്കാനാണെന്നും ആരോപണമുണ്ട്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഓഡിറ്റ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് സി.ഡി.എസിലെ അനൗദ്യോഗിക അംഗങ്ങളായ മോളിക്കുട്ടി തോമസ്, പി.സി.റോസമ്മ, സ്മിതാ ലാൽ എന്നിവർ ജില്ലാ മിഷന് പരാതി നൽകി.
കുടുംബശ്രീയുമായി ബന്ധപ്പെട്ട് തങ്ങൾ മുമ്പും ആരോപണമുന്നയിച്ചിരുന്നെന്നും എന്നാൽ ഇത് ഗൗരവമായെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകാതിരുന്നതാണ് ഗുരുതരമായ ക്രമക്കേടുകൾക്ക് ഇടയാക്കിയതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഷാജി പാമ്പൂരി ആരോപിച്ചു.