അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലി മുതൽ നേര്യമംഗലം വരെയുള്ള ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകളുടെ വേഗ നിയന്ത്രണത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമായി.ദേശിയപാത 185ൽ കെഎസ്ആർടിസി ബസുകളുടെ മത്സര ഓട്ടം തുടരെ തുടരെ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പരാതി.കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ആഞ്ചോളം അപകടങ്ങളാണ് ദേശിയപാതയിൽ സംഭവിച്ചത്.
തിങ്കളാഴ്ച്ച രാവിലെ നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചതായിരുന്നു ഒടുവിലത്തെ അപകടം.ബസുകളുടെ വേഗനിയന്ത്രണത്തിന് നടപടി വേണമെന്നാണ് പ്രദേശവാസികളുടെയും ഇതരവാഹനയാത്രികരുടെയും ആവശ്യം.കെഎസ്ആർടിസി ബസുകളുടെ ബാഹുല്യവും സ്വകാര്യ ബസുകളുമായുള്ള മത്സര ഓട്ടവുമാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടവരുത്തുന്നത്‌നേര്യമംഗലം വനമേഖലയിൽ വിതികുറവുള്ള പല ഭാഗത്തും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായി പോകുന്നത്.മച്ചിപ്ലാവ് പോസ്റ്റോഫീസ് പടിക്ക് സമീപം സ്‌കൂട്ടർ യാത്രികനായ വയോധികനെ കെഎസ്ആർടിസി ബസിടിച്ചിട്ടതും നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ മാത്രം നടന്ന അപകടങ്ങളിൽ ഒരാളുടെ ജീവൻ പൊലിയുകയും പത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.