valavu

വൈക്കം: വാഹന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ പൊലിയുന്നതിനിടയാക്കുന്ന വൈക്കം തലയോലപ്പറമ്പ് റോഡിലെ ചാലപ്പറമ്പ് മങ്ങാട്ടുപ്പടി വളവു നിവർത്തുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. 10 വർഷത്തിനിടയിൽ ഈ വളവിൽ ഉണ്ടായ അപകടങ്ങളിൽ 8 പേരോളം മരിച്ചതായി പ്രദേശവാസികൾ പറയുന്നു. 24 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീതി കുറഞ്ഞ റോഡിലെ കൊടുംവളവിലെത്തുമ്പോൾ വേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞതിനെ തുടർന്ന് ചാലപ്പറമ്പു സ്വദേശി അനൂപ് അജി (21) മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനന്തു (23) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു വർഷം മുമ്പ് വടയാർ സ്വദേശിയും ബാങ്കു ജീവനക്കാരനുമായ 21 കാരനായ യുവാവ് വളവു കഴിഞ്ഞപ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഇതേ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഇതിന് സമീപത്തുള്ള വല്ലകം സെന്റ് ജൂഡ് കുരിശുപള്ളിക്ക് മുൻവശത്തുള്ള കൊടുംവളവിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇവിടെ വാഹനങ്ങൾ നേർക്ക് നേർ വരുമ്പോൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഈ കൊടുംവളവിലും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ചെമ്മനാകരി സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് ബൈക്ക് നീയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.നിരവധി പേരുടെ മരണത്തിനിടയാക്കിയ വളവു നിവർത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന നാട്ടുകാരുടെ നിരന്തരാവശ്യം അധികൃതർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.