വൈക്കം: അക്കൗണ്ട് നമ്പറുംബാങ്ക് എ.ടി.എം കാർഡും ഫോണിലൂടെ ചോദിച്ചു വാങ്ങി പണം തട്ടുന്ന സംഭവങ്ങൾ വൈക്കത്ത് വർദ്ധിക്കുന്നതായി പരാതി.അടുത്ത കാലത്ത് വൈക്കത്ത് ഇത്തരത്തിൽ നാലു പേരുടെ പണം ഇതിനകം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വൈക്കം ചാലപ്പറമ്പിലെ ഒരു റസ്റ്റോറന്റ് ഉടമയെ കബളിപ്പിച്ചു പണം തട്ടാനുള്ള ശ്രമം ഉടമയുടെ ബുദ്ധിപരമായി നേരിട്ടതിനാൽ ധനനഷ്ട മൊഴിവാകുകയായിരുന്നു. വൈക്കം ചാലപ്പറമ്പിൽ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ബ്രേക്ക് കോഫി റസ്റ്റോറന്റിലേയ്ക്ക് ക്ലീറ്റസിന്റെ ഫോണിലേയ്ക്ക് വിവിധ തരം ചിക്കൻ വിഭവങ്ങളും മറ്റും സൈനീകനാണെന്ന് പരിചയപ്പെടുത്തിയ ആൾ ഓർഡർ ചെയ്യുകയായിരുന്നു. ഹിന്ദിയിൽ സംസാരിച്ച ഇയാൾ താനും സുഹൃത്തുക്കളായ സൈനീകരും വൈക്കത്തുണ്ടെന്നും മീറ്റിംഗ് നടക്കുന്നതിനാൽ ഭക്ഷണം വേണമെന്നും ഇയാൾ പറഞ്ഞത്. ക്ലീറ്റസിനും നന്നായി ഹിന്ദി വശമായിരുന്നതിനാൽ ആദ്യം സംശയം തോന്നിയില്ല.ഒരു മണിക്കൂറിനകം ഭക്ഷണം പാകം ചെയ്ത ശേഷം തിരിച്ചുവിളിച്ചപ്പോൾ തങ്ങൾ മിലിട്ടറിക്കാർക്ക് എ.ടി.എം കാർഡു വഴിയാണ് പണം കൈമാറാനാകുയുള്ളുവെന്നും എ.ടി.എം കാർഡിന്റെ ഫോട്ടോ അയക്കാനും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വാഹനത്തിൽ കയറ്റി പറയുന്നിടത്തു വരാമെന്നും സ്വൈപ്പിംഗ് മെഷിൻ ഉള്ളതിനാൽ കാർഡുപയോഗിച്ചു പണം നൽകാമെന്നും പറഞ്ഞു. ഇതോടെ ഒഴിവുകഴിവു പറഞ്ഞ് തട്ടിപ്പുകാരൻ ഓർഡർ കാൻസൽ ചെയ്യുകയാണെന്ന് പറഞ്ഞു തല യുരുകയായിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഇതേ നമ്പറുകാരൻ വൈക്കത്തുള്ള മറ്റ് നാലു പേരെ കബളിപ്പിച്ചു പണം തട്ടിയ കാര്യം പൊലീസ് വ്യക്തമാക്കിയത്. സ്ഥാപനങ്ങൾ നടത്തുന്നവരെയാണിവർ അധികവും കുടുക്കുന്നത്. വൈക്കത്തിനു സമീപത്തുള്ള ഒരു യുവ സംരംഭകയേയും ഏതാനും മാസങ്ങൾക്കു മുമ്പ് തട്ടിപ്പ് സംഘം അക്കൗണ്ട് നമ്പറും എ. ടി. എം കാർഡിന്റെ ഫോട്ടോയും വാങ്ങി കബളിപ്പിച്ച് പണം തട്ടിച്ചിരുന്നു.