പാലാ: പതിറ്റാണ്ടുകൾക്കു മുമ്പ് മീനച്ചിലാറ്റിലും അതിന്റെ കൈവഴികളിലും നീന്തിതുടിച്ച പാലാക്കാരായ ഒരു പറ്റം യുവാക്കൾക്ക് പ്രായമേറിയപ്പോൾ കാലത്തോട് ഒരാവശ്യം ചോദിച്ചു; തങ്ങളുടെ യൗവ്വനം കുറേ നേരത്തേക്കെങ്കിലും തിരികെ വേണമെന്ന്. വാക്കു പാലിച്ച കാലത്തിന് പഴയ താരങ്ങൾ പകരം നല്കി ഒരു പിടി സ്വർണ മെഡലുകൾ ; സംസ്ഥാനത്തെ ഒൻപതാമത് മാസ്റ്റേഴ്‌സ് നീന്തൽ മത്സരങ്ങൾ നടന്ന കണ്ണൂർ കെ.എ.പി.ട്രെയിനിംഗ് സെന്ററിൽ നടന്ന നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് കോട്ടയം ജില്ലയിലെ അക്വാറ്റിക് ടീമാണ്. ജില്ലയിലെ അക്വാറ്റിക് ടീം എന്നു പറഞ്ഞാൽ പാലാക്കാർ മാത്രം ചേർന്ന ടീമും . പാലായിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന 35 വയസ്സു മുതൽ 88 വയസ്സുകാരൻ വരെ നേടിയ വിജയം സ്വർണ്ണത്തിളക്കമുള്ളതാണ്. റിട്ട. ബാങ്കുദ്യോഗസ്ഥനായ അലക്‌സ് മേനാംപറമ്പിൽ, ദന്തഡോക്ടറായ ഡോ. ജീകുമാരി തുടങ്ങിയവർ ഈ സംഘത്തിലുണ്ട്: ഈ സംഘം കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ അഭിമാനം കാത്ത ടീമായി. ജീവിതത്തിലെ വിശ്രമ കാലത്ത് പാലാ വെള്ളിയേപ്പള്ളിയിലുള്ള തോപ്പൻസ് അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു ഇവർക്ക് പരിശീലനം നല്കിയത്. മാസ്റ്റേഴ്‌സ് നീന്തൽ മത്സര വിജയികൾക്ക് ജന്മനാട് സ്വീകരണവും ഒരുക്കി. പാലാ തോപ്പൻസ് അക്കാദമിയിൽ നടന്ന ചടങ്ങിന്റെ മുഖ്യാതിഥി, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജിസ്‌മോൾ ആയിരുന്നു. റിട്ട.കേണൽ മാമ്മൻ മത്തായി സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തു മെമ്പർ റൂബി ജോസ്, മുൻ ദേശീയ പോൾവോൾട്ട് താരം ഏഴാച്ചേരി കെ. അലോഷ്യസ്, അലക്‌സ് മേനാംപറമ്പിൽ, ജോബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.