കോട്ടയം: നഗരമദ്ധ്യത്തിലെ തിരക്കേറിയ എ.ടി.എം കൗണ്ടറിനുള്ളിൽ ആരോ മറന്നു വച്ചു പോയ 20,000 രൂപ കണ്ടിട്ടും ആ യുവാക്കളുടെ കണ്ണ് മഞ്ഞളിച്ചില്ല..! നൈസായി പോക്കറ്റിലാക്കാമായിരുന്ന തുക ഇവർ കൈമാറിയത് പൊലീസ് സംഘത്തിന്. ഉടമയുടെ കൈകളിലേയ്‌ക്ക് പണം ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് പൂഞ്ഞാർ സ്വദേശികളായ അക്ഷയും ബോബിനും.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. പൂഞ്ഞാറിൽ നിന്നും നാഗമ്പടത്തെ സർക്കസ് കാണാനായി എത്തിയതായിരുന്നു ഇരുവരും. നഗരത്തിൽ കറങ്ങി നടന്ന ശേഷം ഇരുവരും തിരുനക്കര മൈതാനത്തിന് സമീപം എത്തി. ഇവിടെ എത്തിയ ശേഷം എ.ടി.എം കൗണ്ടറിൽ പണമെടുക്കാൻ കയറിയപ്പോൾ 20,000 രൂപ എ.ടി.എം കൗണ്ടറിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഈ പണം എടുത്ത ശേഷം പുറത്തിറങ്ങിയ ഇവർ കൺട്രോൾ റൂം പൊലീസിനു വിവരം അറിയിച്ചു. നഗരത്തിൽ ഈ സമയം പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.വി ഒന്നിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവർ അക്ഷയിനെയും, ബോബിനെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുക വെസ്റ്റ് പൊലീസ് അധികൃതർക്ക് കൈമാറുകയായിരുന്നു.