കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കിയതിൽ ഒരു പരിധി വരെ നമുക്കാശ്വസിക്കാം. നമ്മുടെ നിരത്തുകളിൽ നഷ്ടപ്പെട്ടു പോയിട്ടുള്ള വിലപ്പെട്ട ജീവനുകൾ ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടമാണ്. അതിൽ ഒരു പരിധിവരെ പുതിയ നിയമങ്ങൾ കൊണ്ട് പരിഹാരം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഗതാഗതകുരുക്കുകളിൽ തീരെ ക്ഷമയില്ലാത്ത ഒരു ജനതയായി മലയാളികൾ മാറി കഴിഞ്ഞു. ട്രാഫിക് ബ്ലോക്കുകളിലെ വാഹനങ്ങളുടെ ഹോണുകൾ ഇതിന് നേർസാക്ഷ്യമാണ് . മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത ഗതാഗത സംസ്കാരമാണ് നമ്മുടെത്. വാഹനവുമായി റോഡിലിറങ്ങിയാൽ ഭൂരിഭാഗം പേരും സ്വന്തം കുടുംബത്തെക്കുറിച്ചോ കൂടപ്പിറപ്പുകളെക്കുറിച്ചോ നിരത്തുകളിലെ മറ്റുള്ളവരെക്കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്ത വിധമാണ് പെരുമാറുന്നത്. ആദ്യം നമ്മുടെ ഈ മനോഭാവത്തിന് മാറ്റം വരേണ്ടതുണ്ട്. അതിന് സ്കൂൾതലം മുതൽ ട്രാഫിക് ബോധവത്കരണം നടത്താൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സാധിക്കണം.
പത്തു വയസുപോലും തികയാത്ത കുട്ടികളെ കൊണ്ട് ഇരുചക്ര വാഹനം ഓടിച്ച് വളരെ അഭിമാനത്തോടെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന രക്ഷിതാക്കളെ നമ്മുടെ നാട്ടിൽ കാണാറുണ്ട്. രക്ഷിതാവിന്റെ പേരിൽ കേസെടുക്കാനുള്ള കർശനനിയമമാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇടതുവശത്തു കൂടിയുള്ള ഓവർ ടേക്കിങ്ങും, ഹെൽമെറ്റ് ഇല്ലാതെ മറ്റുള്ളവരെ ഭയാശങ്കയിലാഴ്ത്തി തിരക്കുള്ള റോഡിൽ അതിസാമർത്ഥ്യം കാണിക്കുകയും ചെയ്യുന്ന പുതുതലമുറയിൽ പെട്ട ചില യുവാക്കൾ ഇന്നത്തെ നിരത്തുകളിലെ പേടിസ്വപ്നമാണ്. ഇത്തരത്തിൽ അക്ഷമ കാട്ടുന്നവരിൽ പലരും ക്രിമിനൽ പശ്ചാത്തലം വച്ചു പുലർത്തുന്നവരും മറ്റ് 'ഇടപാടുകളുടെ" വാഹകരുമാണ് . ഇക്കൂട്ടരാണ് മറ്റുള്ളവരെക്കുറിച്ചോ തന്നെക്കുറിച്ചോ ചിന്തിക്കാൻ സമയം കണ്ടെത്താത്തവർ.
കേരളത്തിലെ റോഡുകളിൽ നിയമലംഘനം കൂടുന്നതിന്റെ ഒരു പ്രധാന കാരണം രാഷ്ട്രീയ ഇടപെടലുകളാണ്. പഴയ പിഴ തുകയിൽ നിന്നും നാലിരട്ടിയും അഞ്ചിരട്ടിയും വർദ്ധനയാണ് ഇപ്പോൾ വരുത്തിയിട്ടുള്ളത്. ഇത് നിയമ ലംഘനങ്ങളിൽ നിന്നും ഒരു പരിധിവരെ ആളുകളെ പിന്തിരിപ്പിക്കുമെങ്കിലും വീണ്ടും പിടിക്കപ്പെടുന്നവർ ഏതെങ്കിലും ഒരു രാഷ്ട്രീയ ചേരിയിലുള്ളവരായിരിക്കും. നിയമം നടപ്പിലാക്കേണ്ടവർ ശരിക്കും മാനസിക സമ്മർദ്ദത്തിൽ പെട്ടുപോകുന്ന സ്ഥിതിവിശേഷമാണ്. ഗതാഗതത്തിലെ നിയമ ലംഘനങ്ങൾ മാത്രമല്ല റോഡപകടങ്ങളുടെ കാരണം. നമ്മുടെ റോഡുകളുടെ മോശമായ അവസ്ഥയും മുഖ്യ കാരണം തന്നെയാണ്. അതിനാൽ നമ്മുടെ റോഡുകളും യഥാസമയങ്ങളിൽ ഗതാഗത യോഗ്യമാക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വവും കടമയുമാണ്.
സുഗതൻ എൽ
ശൂരനാട്