ഗൂഢല്ലൂർ ഇൻസ്പെക്ടർ, പ്രജീഷിന്റെയും ചന്ദ്രകലയുടെയും മുഖങ്ങളിലേക്ക് ഒരു നിമിഷം കണ്ണോടിച്ചു. പിന്നെ വ്യക്തമാക്കി:
''ആ കാറിന്റെ നമ്പർ ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിലെ ഇന്നോവയുടെതാണ്. ഞാനിത് പ്രതീക്ഷിച്ചു. എന്തായാലും നിങ്ങൾ റിട്ടേൺ കംപ്ളയിന്റ് തരൂ... ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ."
സാധാരണ പോലീസ് സ്റ്റേഷനുകളിൽ പറയാറുള്ള സ്ഥിരം പല്ലവി!
അതിൽ തീരെ വിശ്വാസം തോന്നിയില്ല ചന്ദ്രകലയ്ക്കും പ്രജീഷിനും.
പണം നഷ്ടപ്പെട്ടിരിക്കുന്നത് തങ്ങൾക്കാണല്ലോ. അതും പത്തു കോടി രൂപ...!
താൻ അവിടെ ബോധം കെട്ട് വീഴും എന്നു തോന്നി ചന്ദ്രകലയ്ക്ക്. ചതിച്ചുണ്ടാക്കിയ പണമായിരുന്നെങ്കിലും അത് തങ്ങളുടേത് മാത്രമായിരുന്നു.
ആ പണം കൊണ്ട് ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.
പെട്ടെന്നു തങ്ങൾ ദരിദ്രരായിപ്പോയതുപോലെ...
''പുറത്ത് റൈട്ടറുണ്ട്. അവിടെ കംപ്ളയിന്റ് കൊടുക്കൂ."
ഇൻസ്പെക്ടർക്ക് മറ്റ് പണിയുണ്ടെന്നു പറയുന്നതുപോലെ ഇരുവർക്കും തോന്നി. അവർ എഴുന്നേറ്റു.
''താങ്ക്‌യൂ സാർ..."
ഇൻസ്പെക്ടറുടെ ക്യാബിനിൽ നിന്നിറങ്ങിയ അവൾ ഒരു റിട്ടേൺ കംപ്ളയിന്റു നൽകി.
''നിങ്ങളുടെ സെൽ നമ്പർ കൂടി വച്ചോളൂ. പ്രോഗ്രസ് ഉണ്ടെങ്കിൽ ഞങ്ങളറിയിക്കാം."
റൈട്ടർ നിർദ്ദേശിച്ചു.
ഇവർ ഒന്നും അറിയിക്കുവാൻ പോകുന്നില്ലെന്ന് പ്രജീഷിന്റെ മനസ്സു പിറുപിറുത്തു. എങ്കിലും മുഷിച്ചിൽ പുറത്തു കാണിച്ചില്ല....
ബാക്കി നാൽപ്പതു കോടി കൂടി കിട്ടുമല്ലോ എന്നൊരു ആശ്വാസം മാത്രമായിരുന്നു അയാൾക്ക്.
അതുവരെ പിടിച്ചുനിൽക്കണം. ഇനിയെന്ത്?
റോഡിൽ എത്തുമ്പോൾ അവരുടെ വിചാരം അത് മാത്രമായിരുന്നു.
അപ്പോൾ ചന്ദ്രകല പറഞ്ഞു.
''ആ നശിച്ച കാർ എടുക്കാനൊന്നും ഇനി നമ്മൾ പോകുന്നില്ല പ്രജീഷ്. അതിനുംകൂടി കാശ് കളയണ്ടാ."
പ്രജീഷ് നെറ്റി ചുളിച്ചു.
''അപ്പോൾ അതിലിരിക്കുന്ന നമ്മുടെ വസ്‌ത്രങ്ങളും മറ്റ് സാധനങ്ങളും.."
ചോദ്യഭാവത്തിൽ അയാൾ അവൾക്കു നേരെ തിരിഞ്ഞു.
''നഷ്ടപ്പെട്ടതിനേക്കാൾ വിലപ്പെട്ടതല്ലല്ലോ അത്? നാടുകാണി ചുരത്തിൽ അതിന്റെയൊക്കെ അവസാനം നടന്നെന്നു കരുതാം."
ചന്ദ്രകല മനക്കണക്കു കൂട്ടി.
തന്റെ ബാഗിലും ശരീരത്തിലുമായി നൂറു പവനോളം ആഭരണങ്ങൾ ഉണ്ട്. അതുകൊണ്ട് തൽക്കാലം പിടിച്ചുനിൽക്കാം. കിടാവ് സാറ് ബാക്കി പണം തരുന്നതുവരെ....
അവൾ ബാഗ് തുറന്ന് ഒരു വലിയ മാലയും ഏതാനും വളകളും എടുത്ത് പ്രജീഷിനു നീട്ടി.
''തൽക്കാലം ഇത് വിൽക്കാം.
എന്തായാലും ഇനി കോവിലകത്തേക്കു മടക്കയാത്രയില്ല. തോൽക്കാനും നമുക്കു മനസ്സില്ല."
പ്രജീഷ് ആഭരണങ്ങൾ വാങ്ങി.
അവിടെ നിന്നൊരു ടാക്സി വിളിച്ച് ഗൂഢല്ലൂരെ ഒരു ജ്യുവലറിയിൽ പോയി.
പത്തുപവൻ ആഭരണങ്ങൾ വിറ്റു പണമാക്കി.
അതേ ടാക്സിയിൽത്തന്നെ വീണ്ടും യാത്ര.. മസനഗുഡിയിലേക്ക്.
വനത്തിലൂടെയുള്ള യാത്ര....
മനോഹരമായ സ്ഥലം. പക്ഷേ ഒന്നും ആസ്വദിക്കുവാൻ ഇരുവർക്കും കഴിഞ്ഞില്ല...
ഒരിക്കൽ വീരപ്പന്റെ വിഹാരകേന്ദ്രമായ ബന്ദിപ്പൂർ വനത്തിന്റെ ആരംഭമായി.
കാർ 'മുതുമല' ബോർഡറിൽ എത്തി.
ഫോറസ്റ്റുകാരുടെ ചെക്ക് പോസ്റ്റ് ചെക്കിംഗു കഴിഞ്ഞ് കാർ വലത്തേക്ക് - മസനഗുഡിയിലേക്കു തിരിഞ്ഞു.
അടിക്കാടുകൾ നീക്കം ചെയ്തു വൃത്തിയാക്കിയിട്ടിരിക്കുകയാണ്.
റോഡിന് ഇരുവശത്തുമുള്ള വനം.
റോഡിനു വീതി കുറഞ്ഞു തുടങ്ങി.
പെട്ടെന്ന് ഒരു ഭാഗത്ത് മാൻകൂട്ടത്തെ കണ്ടു.
''ഇനിയങ്ങോട്ട് ധാരാളം മൃഗങ്ങളെ കാണാം. മിക്കവാറും ആനക്കൂട്ടങ്ങളും."
പിന്നോട്ടു തിരിഞ്ഞു നോക്കി, ടാക്സിഡ്രൈവർ അറിയിച്ചു.
ഇരുവരും പ്രതികരിച്ചില്ല.
അല്പം കഴിഞ്ഞു.
''അതാ നോക്ക്..."
ഡ്രൈവറുടെ ശബ്ദം. ഒപ്പം അയാൾ കാറിന്റെ വേഗത കുറച്ചു.
നൂറു മീറ്റർ മുന്നിലായി പത്തോളം വരുന്ന ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നു...
അക്കൂട്ടത്തിൽ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു.
വളരെ കരുതലോടെ അതിനെ മദ്ധ്യത്തിൽ നിർത്തിയാണ് ബാക്കി ആനകൾ കൊണ്ടുപോകുന്നത്...
ആനക്കൂട്ടം താഴെ മറഞ്ഞു.
കാർ വീണ്ടും നീങ്ങി.
എതിരെ ഇടയ്ക്കിടെ ജീപ്പുകൾ വന്നുകൊണ്ടിരുന്നു. ടൂറിസ്റ്റുകളുടെ വാഹനങ്ങളും.
മസനഗുഡിയിൽ നിന്ന് കുത്തനെയുള്ള റോഡിലൂടെ ഇരുപത്തിയഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഊട്ടിയിൽ എത്താൻ ഒരു മാർഗ്ഗമുണ്ടെന്ന് പ്രജീഷിന് അറിയാം.
അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.
''താൻ എവിടെയാ. ഞങ്ങൾ എത്താറായി.."
''ഞാൻ ഇവിടെ കാത്തുനിൽക്കുകയാണു സാർ...." മറുപടി കിട്ടി.
ഇടയ്ക്കിടെ ജീപ്പുകാർ അവരെ കൈയാട്ടി വിളിച്ചു. റോഡിനിരുവശത്തും കാത്തുകിടക്കുകയാണവർ.
പച്ച പെയിന്റടിച്ച ജീപ്പുകൾ...
വനത്തിലെ ചെറുപാതകളിലൂടെ 'മായാർ' ഡാമിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പുകൾ...
അവർ മസനഗുഡിയിൽ എത്തി. കാത്തുനിന്നിരുന്നയാൾ അവർക്കരുകിലെത്തി.
പെട്ടെന്ന്...
ചന്ദ്രകലയുടെ നെറ്റി ചുളിഞ്ഞു.
ബൈക്കിൽ ഒരാൾ ഇരിക്കുന്നു.
(തുടരും)