red-127

കാറിനു പുറത്തിറങ്ങി, തങ്ങളെ കാത്തുനിന്നിരുന്ന മനുഷ്യനുമായി സംസാരിക്കുകയായിരുന്നു പ്രജീഷ്.

അയാൾ ഒരു ബ്രോക്കറായിരുന്നു. അവർക്കു വേണ്ടി വീട് നോക്കിവച്ച ആൾ...

എങ്കിൽ നമുക്ക് ആ വീട്ടിലേക്കു പോയാലോ സാർ?"

ബ്രോക്കർ, പ്രജീഷിനെ നോക്കി.

അയാൾ മറുപടി പറയും മുമ്പ് ചന്ദ്രകല കാറിൽ നിന്നിറങ്ങി. പ്രജീഷിന്റെ തോളിൽ കൈവച്ചു.

'' ആ ബൈക്കിൽ ഇരിക്കുന്ന ആളിനെ ഒന്നു നോക്കിക്കേ പ്രജീഷ്."

പ്രജീഷും അയാളെ കണ്ടു.

''നമ്മുടെ കാർ പഞ്ചറായപ്പോൾ അവിടെ ആദ്യം എത്തിയത് അയാളല്ലേ?"

പ്രജീഷിനും സംശയം.

''അതെ. എനിക്കും അങ്ങനെ തോന്നുന്നു."

പ്രജീഷ്, ബ്രോക്കർക്കു നേരെ തിരിഞ്ഞു:

''മുനിയാണ്ടീ. തനിക്ക് അയാളെ അറിയാമോ?"

മുനിയാണ്ടി അയാളെ ശ്രദ്ധിച്ചു.

''ഇല്ല സാർ... ഇവിടെയെങ്ങും ഉള്ള ആളല്ല."

''കലേ..." പ്രജീഷ് തിടുക്കപ്പെട്ടു.

''ഇപ്പോൾ ഞാൻ ശരിക്കോർക്കുന്നു. നിലമ്പൂരിൽ നിന്ന് നമ്മൾ പുറപ്പെട്ടതു മുതൽ കാറിന്റെ മുന്നിലും പിന്നിലുമായി അയാൾ ഉണ്ടായിരുന്നു..."

ചന്ദ്രകലയുടെ ഞരമ്പുകളിൽ രക്തചംക്രമണത്തിനു വേഗതയേറി.

''എങ്കിൽ ഒട്ടും സംശയം വേണ്ടാ. ആ സംഭവത്തിൽ അയാൾക്കു മനസ്സറിവുണ്ട്."

പ്രജീഷ് വെട്ടിത്തിരിഞ്ഞു.

''മുനിയാണ്ടീ. അവനെ പിടിക്കണം."

''എന്ന സാർ പ്രശ്നം?"

''അതൊക്കെ പിന്നെ പറയാം. വേഗം പിടിക്ക്..."

പറയുന്നതിനിടയിൽ പ്രജീഷ് അയാൾക്കു നേരെ കുതിച്ചു.

''ഡേയ്..." എന്നലറിക്കൊണ്ട് മുനിയാണ്ടിയും.

ആ ശബ്ദം കേട്ട് ബൈക്കിൽ ഇരുന്നവർ തിരിഞ്ഞുനോക്കി.

പ്രജീഷിനെ കണ്ടതും അവൻ ഒന്നു പകച്ചു.

പക്ഷേ അടുത്ത നിമിഷം അവൻ ബൈക്ക് സ്റ്റാർട്ടു ചെയ്തു.

കാതടപ്പിക്കുന്ന ശബ്ദത്തോടെ വെടിയുണ്ടയുടെ വേഗത്തിൽ ബൈക്ക് പാഞ്ഞുപോയി. ഊട്ടി റോഡിലൂടെ....

''വാ മുനിയാണ്ടീ..."

പ്രജീഷ് തിരിഞ്ഞ് ടാക്സി കാറിൽ കുതിച്ചുകയറി. തൊട്ടു പിന്നാലെ മുനിയാണ്ടിയും ചന്ദ്രകലയും.

''വേഗം വണ്ടി വിട്. ആ ബൈക്കുകാരനെ പൊക്കണം."

ആവേശത്തോടെ പ്രജീഷ് ടാക്സി ഡ്രൈവർക്കു നിർദ്ദേശം നൽകി.

ബൈക്ക് പോയ വഴിയെ കാറും പാഞ്ഞു...

വീതികുറഞ്ഞ റോഡുള്ള മസനഗുഡി ടൗൺ...

മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരുന്നു നിറയെ വാഹനങ്ങൾ...

ടൗൺ പിന്നിട്ട് പതിനഞ്ചു മിനിട്ടോളം കാർ ഓടി.

പക്ഷേ ബൈക്കുകാരന്റെ നിഴൽ പോലും കാണുവാൻ കഴിഞ്ഞില്ല...

നേരം സന്ധ്യയാകുകയായിരുന്നു.

ചെങ്കുത്തായ മലകളുടെ നെറുകയിൽ നിന്ന് ഇരുട്ട്. പതുക്കെപ്പതുക്കെ താഴേക്ക് അരിച്ചിറങ്ങിത്തുടങ്ങി...

അന്നു രാത്രി...

ചുങ്കത്തറയിലെ മകന്റെ വസതിയിൽ എം.എൽ.എ ശ്രീനിവാസ കിടാവ് എത്തി.

അയാൾക്കൊപ്പം ഹേമലതയും മകളും ഉണ്ടായിരുന്നു. അവളെ ആശ്വസിപ്പിച്ച് മടക്കി കൊണ്ടുവന്നിരിക്കുകയാണ് കിടാവ്.

സുരേഷ് കിടാവ് അവളെ നോക്കി ചിരിച്ചു. പക്ഷേ ഭർത്താവിന് മുഖം കൊടുത്തില്ല അവൾ.

കുട്ടികൾ പക്ഷേ 'അച്ഛാ' എന്നു വിളിച്ചുകൊണ്ട് ഓടിച്ചെന്ന് സുരേഷിനെ കെട്ടിപ്പിടിച്ചു.

ശ്രീനിവാസ കിടാവ് ഒരു കസേരയിൽ ഇരുന്നു. പിന്നെ ഇരുവരോടുമായി പറഞ്ഞു:

''കഴിഞ്ഞതൊക്കെ മറക്കണം. നിങ്ങളുടെ ജീവിതത്തിൽ ഇനി ഒരു പ്രശ്നവും ഉണ്ടാകരുത്."

അയാൾ മകന്റെ നേരെ തിരിഞ്ഞു:

''ആ ഒരു ഉറപ്പു നൽകിയാണ് ഞാൻ ഇവളെയും മക്കളെയും ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്."

സുരേഷ് തലയാട്ടി.

''എന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടാകില്ല."

''അതുമതി."

കിടാവ് സംതൃപ്തിയോടെ ചിരിച്ചു:

''അപ്പോൾ നാളെത്തന്നെ നിങ്ങൾ കോവിലകത്തേക്കു താമസം മാറുന്നു. എന്താ?"

''ഇത്ര പെട്ടെന്നു വേണോ?"

സുരേഷിന് ഒരു ശങ്ക.

''വേണം." ഉറച്ചതായിരുന്നു കിടാവിന്റെ ശബ്ദം.

സുരേഷ് പിന്നെ എതിർത്ത് ഒന്നും പറഞ്ഞില്ല.

''നിങ്ങളുടെ വസ്ത്രങ്ങളും മറ്റുമല്ലാതെ ഒന്നും അങ്ങോട്ടു കൊണ്ടുപോകണമെന്നില്ല. എല്ലാം അവിടെയുണ്ട്."

കുറച്ചുസമയം കൂടി അവിടെ സംസാരിച്ചിരുന്നതിനു ശേഷം കിടാവു മടങ്ങി.

അടുത്ത ദിവസം.

രാവിലെ പതിനൊന്നു മണി കഴിഞ്ഞ് ഏതാനും പണിക്കാർക്കൊപ്പം സുരേഷ് കിടാവും കുടുംബവും അവിടെയെത്തി. വടക്കേ കോവിലകത്ത്.

അവരുടെ വരവിൽ പ്രതിഷേധിക്കുന്നതുപോലെ ഒരു കാറ്റു വീശി.

അടുത്ത നിമിഷം ശ്രീനിവാസ കിടാവിന്റെ ബെൻസ് കാറും വന്നു നിന്നു.

അതിൽ നിന്നിറങ്ങിയ കിടാവ് കോവിലകത്തിന്റെ താക്കോൽ മരുമകളെ ഏൽപ്പിച്ചു.

''നീ തന്നെ വാതിൽ തുറന്ന് ഐശ്വര്യമായി അകത്തേക്കു കാൽ വയ്ക്ക്."

ഹേമലത, ആനവാതിലിന്റെ പൂട്ടു തുറന്നു.

സുരേഷ് വാതിലിൽ തള്ളി.

ഓട്ടുമണികളുടെ കിലുക്കത്തോടെ വാതിൽപ്പാളികൾ ഇരുവശത്തേക്കും മാറി...

ആ സമയത്ത് സി.ഐ ഋഷികേശിനുള്ള സസ്പെൻഷൻ ഓർഡർ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു...

ഒപ്പം സി.ഐ അലിയാരെ വീണ്ടും അവിടെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും!

(തുടരും)