മെയിലിൽ നിന്ന് എടുത്ത സസ്പെൻഷൻ ഓർഡറിന്റെ പ്രിന്റിലേക്ക് നോക്കി നിശ്ചലനായി ഇരുന്നു സി.ഐ ഋഷികേശ്.
ആ ഉത്തരവ് തന്നെ നോക്കി പരിഹസിക്കുന്നതായി അയാൾക്കു തോന്നി.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ഒരു സൂചന കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.
ആ വിവരം എം.എൽ.എ ശ്രീനിവാസ കിടാവിനെ അറിയിക്കുകയും ചെയ്തതാണ്.
ഒരു പണിഷ്‌മെന്റ് ട്രാൻസ്‌ഫർ... അതിനപ്പുറം ഒന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം തനിക്ക് ഉറപ്പുതന്നിരുന്നു.
ഹാഫ് ഡോറിനടിയിൽ കൂടി ചില പോലീസുകാരുടെ അരയ്ക്കു താഴെയുള്ള ഭാഗം ഋഷികേശ് കണ്ടു.
തന്റെ പ്രതികരണം എന്താണെന്നറിയുവാൻ കാത്തുനിൽക്കുകയാവും. നന്ദിയില്ലാത്തവന്മാർ...
എന്തോ തീരുമാനിച്ചതുപോലെ സി.ഐ ഋഷികേശ് സെൽഫോൺ എടുത്ത് എം.എൽ.എയ്ക്കു കാൾ അയച്ചു.
രണ്ടാമത്തെ ബെല്ലിനു ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.
''എന്താ ഋഷികേശേ?" കിടാവിന്റെ ശബ്ദം വന്നു.
''സാർ..." അയാൾ കാര്യം ചുരുക്കി പറഞ്ഞു.
അല്പനേരത്തേക്ക് അപ്പുറത്തുനിന്നും മറുപടി കേട്ടില്ല.
ഋഷികേശിന് അസ്വസ്ഥതയേറി.
''സാർ..."
''ഞാൻ കേൾക്കുന്നുണ്ട്."
''എന്തെങ്കിലും ചെയ്യാൻ സാറിനു കഴിയുമോ?"
''ഓർഡർ ഇറങ്ങിയ നിലയ്ക്കു ബുദ്ധിമുട്ടാണ്. ഏറിയാൽ ആറുമാസം. അതിനുള്ളിൽ താൻ സർവ്വീസിൽ തിരിച്ചെത്തും. ഏത് പോലീസുകാരനാടോ കേരളത്തിൽ ശിക്ഷ കിട്ടുന്നത്? അപൂർവ്വങ്ങളിൽ അപൂർവ്വമല്ലേ..."
''അതൊക്കെ ശരിയായിരിക്കും സാർ. പക്ഷേ എന്നെ സസ്പെൻഡു ചെയ്തിട്ട് ഇവിടെ അവരോധിക്കുന്നത് ആരെയാണെന്ന് അറിയാമോ?"
''ആരെയാ?" കിടാവിന്റെ ശബ്ദത്തിൽ ഉത്കണ്ഠ."
''അലിയാരെ."
''ങ്‌ഹേ?"
കിടാവു ഞെട്ടിയെന്ന് ഋഷികേശിനു മനസ്സിലായി.
പിന്നെ കേട്ടു പതിഞ്ഞ സ്വരം:
''ഞാൻ അങ്ങോട്ടു വിളിക്കാം. ഇപ്പോൾ വടക്കേകോവിലകത്താ ഞാൻ. എന്റെ മകൻ ഇവിടേക്ക് ഇന്ന് താമസം മാറി. താൻ അറിഞ്ഞുകാണുമല്ലോ... ഈ കോവിലകം ഞാൻ വാങ്ങുകയാ. അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റാക്കി."
ഋഷികേശിന്റെ മുഖത്ത് ആത്മനിന്ദ കലർന്ന ഒരു ഭാവം വന്നു.
''സാറ് ലക്ഷ്യങ്ങളൊക്കെ ഓരോന്നായി തന്ത്രപൂർവ്വം പൂർത്തിയാക്കുന്നു. പക്ഷേ ഞാൻ..."
അയാളുടെ ശബ്ദം പതറി.
''താൻ വിഷമിക്കണ്ടാ. തന്റെ കാര്യം ഞാൻ നോക്കും."
ഋഷികേശിന്റെ ശബ്ദം മുറുകി:
''നോക്കിയാൽ നല്ലത്. അല്ലെങ്കിൽ ഞാൻ കാലുമാറും. ഉണ്ടായത് എന്താണെന്നൊക്കെയും അതിന് എന്നെ പ്രേരിപ്പിച്ചത് ആരാണെന്നും ഞാൻ ക്രൈംബ്രാഞ്ചുകാരോടും കോടതിയിലും വെളിപ്പെടുത്തും."
എം.എൽ.എയുടെ മറുപടിക്കു കാക്കാതെ സി.ഐ ഋഷികേശ് കാൾ മുറിച്ചു.
ശേഷം എറിയും പോലെ ഫോൺ മേശപ്പുറത്തേക്കിട്ടു.
ആ നേരത്ത് ഹാഫ് ഡോറിൽ മൃദുവായി മുട്ടുകേട്ടു.
''യേസ്."
ഋഷികേശ് ശബ്ദമുയർത്തി.
ഹാഫ് ഡോർ തുറന്ന് എസ്.ഐ കാർത്തിക് കടന്നുവന്നു.
''സാർ... കേട്ടതു നേരാണോ?"
ഋഷികേശ് ഒന്നു മൂളി.
''എങ്കിൽ അടുത്തത് എനിക്കാവും. ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുവാൻ എനിക്ക് നിർദ്ദേശം കിട്ടിയിട്ടുണ്ട്."
കാർത്തിക്കിന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി ഋഷികേശ്.
''കാർത്തിക്കേ... നമ്മൾ കള്ളം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാൽ നമ്മളേക്കാൾ മുമ്പേ രക്ഷപ്പെടുന്നത് വമ്പൻ ക്രിമിനലുകളാകും. അതുകൊണ്ട് ഇനിയങ്ങോട്ട് തന്റെ മനോധർമ്മം അനുസരിച്ചു പ്രവർത്തിക്ക്."
ആ വാചകത്തിന്റെ ഇടയിൽ മറഞ്ഞുകിടക്കുന്ന അർത്ഥങ്ങൾ കാർത്തിക്കിനു മനസ്സിലായി.
''സാർ..."
അറ്റൻഷനായിട്ട് അയാൾ പുറത്തേക്കു നടക്കാൻ ഭാവിച്ചു
അടുത്ത നിമിഷം സ്റ്റേഷൻ മുറ്റത്ത് ഒരു വാഹനത്തിന്റെ ബ്രേക്കലറുന്ന ഒച്ച കേട്ടു.
സി.ഐയും എസ്.ഐയും ഹാഫ് ഡോറിനു നേരെ നോക്കി. വാഹനത്തിന്റെ ഒരു ഡോർ തുറന്നടയുന്നു. പിന്നെ ഷൂസിനടിയിൽ ഫ്ളോർ ഞെരിഞ്ഞമരുന്ന കനത്ത കാലൊച്ച. തുടർന്ന് പോലീസുകാർ അറ്റൻഷനാകുന്നതിന്റെ താളാത്മക ശബ്ദം. പിന്നെ ഹാഫ് ഡോർ ഇരുവശത്തേക്കും പിളർത്തി ഒരാൾ അകത്തേക്കു നോക്കിനിൽക്കുന്നു...
സി.ഐയും എസ്.ഐയും രക്തം ആവിയായതുപോലെ വിളറി.
സി.ഐ അലിയാർ...
അലക്കിത്തേച്ച യൂണിഫോമിൽ!
അറിയാതെ എഴുന്നേറ്റുപോയി ഋഷികേശ്. തന്റെ മുന്നിലുള്ളത് ഒരേ റാങ്കുകാരൻ ആണെന്ന് അറിഞ്ഞിട്ടും!
''സാർ." കാർത്തിക് പെട്ടെന്ന് അറ്റൻഷനായി.
അലിയാർ അയാളെ ഒന്നു നോക്കി.
''എന്താടോ ഒരുമാതിരി പഴംകഞ്ഞി കുടിച്ചതുപോലെ. ഏ?"
കാർത്തിക്കിന്റെ തല കുനിഞ്ഞു.
അലിയാർ മേശയ്ക്കു മുകളിലൂടെ ഋഷികേശിനു നേർക്കു കൈനീട്ടി.
''നേരത്തെ ഞാനിരുന്ന ചെയർ എനിക്ക് വീണ്ടും കിട്ടിയിരിക്കുന്നു."
ഋഷികേശ് ചലിച്ചില്ല.
(തുടരും)