''ഹ. എന്താടോ ഇങ്ങനെ? ഒരാൾ ഷേക്‌ഹാന്റിനു കൈ നീട്ടുമ്പോൾ അനങ്ങാതെ നിൽക്കുന്നോ?"
സി.ഐ അലിയാരുടെ ശബ്ദം കേട്ട് സ്വപ്നത്തിൽ നിന്നെന്നവണ്ണം ഋഷികേശ് പിടഞ്ഞുണർന്നു.
പിന്നെ യാന്ത്രികമായി അയാളുടെ കരം കവർന്നു.
അതിനു തീരെ ബലമില്ലെന്നു തോന്നി അലിയാർക്ക്.
''ഞാൻ ഇന്ന്... ഈ നിമിഷം ചാർജ്ജെടുക്കുകയാണ്."
അലിയാർ പറഞ്ഞു.
'ഞാൻ ചാർജ്ജ് ഹാൻഡോവർ ചെയ്യാം."
ഋഷികേശിന്റെ ചുണ്ടു ചലിച്ചു.
*** ***
വടക്കേ കോവിലകം.
അടുക്കളയിൽ പാൽ തിളപ്പിക്കുകയായിരുന്നു ഹേമലത.
എം.എൽ.എ ശ്രീനിവാസ കിടാവ് മകൻ സുരേഷിനെ നടുമുറ്റത്തിനരികിലെ വരാന്തയിലേക്കു വിളിച്ചു.
''എന്താ അച്ഛാ?" അവൻ അങ്ങോട്ടു ചെന്നു.
കോവിലകത്തിന്റെ എല്ലാ ഭാഗവും തൂത്തു തുടയ്ക്കുകയാണ് പണിക്കാർ. മരത്തടികൾ ഉള്ള ഭാഗമെല്ലാം വാർണീഷ് ചെയ്യാനാണു തീരുമാനം.
പണിക്കാർ കേൾക്കാതെ കിടാവ് മകനോടു പറഞ്ഞു.
''എപ്പോഴും ഒരു ശ്രദ്ധയുണ്ടായിരിക്കണം. സി.ഐ അലിയാർ വീണ്ടും നിലമ്പൂരിൽ ചാർജ്ജെടുത്തു. ഇനി നമ്മളെ ഏതെങ്കിലും കേസിൽ പെടുത്താനാവും അവന്റെ ശ്രമം.
കാതിനുള്ളിൽ ഒരു പാമ്പു കൊത്തിയതുപോലെയാണ് അത് കേട്ടപ്പോൾ സുരേഷ് കിടാവിനു തോന്നിയത്.
''അയാൾ നിലമ്പൂരിനു തിരിച്ചു വന്നതിനോ, അതല്ലെങ്കിൽ അയാളെ ആരെങ്കിലും കൊണ്ടുവന്നതിനോ തക്കതായ ലക്ഷ്യം ഉണ്ടാവും. ഒരു കരുതിക്കൂട്ടിയ തിരക്കഥ. നമ്മൾ അതിൽ കുരുങ്ങാൻ പാടില്ല..."
''സുരേഷേട്ടാ.." അടുക്കളയിൽ നിന്ന് ഹേമലതയുടെ വിളിയൊച്ച.
''ദാ വരുന്നു.."
ശ്രീനിവാസ കിടാവും മകനും ഒന്നിച്ചാണ് അവിടേക്കു ചെന്നത്. കലത്തിൽ വച്ച പാൽ അടുപ്പിലേക്കു തിളച്ചുമറിയുന്നുണ്ടായിരുന്നു...
*************
മസനഗുഡി.
രാത്രിയിൽ ഒരു ചെറിയ ലോഡ്‌ജിലായിരുന്നു ചന്ദ്രകലയും പ്രജീഷും. വാങ്ങാൻ ഉദ്ദേശിച്ച വീട് തൽക്കാലം വേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു.
പകരം ഒരു വാടകവീട് കണ്ടെത്തുവാൻ ബ്രോക്കർ മുനിയാണ്ടിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
രാവിലെ അവർ റൂമിലേക്ക് ഭക്ഷണം വരുത്തി കഴിച്ചു. പിന്നെ രണ്ടാം നിലയിലെ വരാന്തയിൽ രണ്ട് ചെയറുകൾ എടുത്തിട്ട് അതിലിരുന്നു.
നഷ്ടപ്പെട്ട പത്തു കോടി രൂപ ഇനി തിരിച്ചുകിട്ടില്ലെന്ന് അവർക്ക് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ലോഡ്ജിനു പിൻഭാഗം വനമാണെങ്കിലും ഒരു വിധം നിരപ്പായ പ്രദേശമാണ്. വൃക്ഷങ്ങൾക്ക് അത്ര വലിപ്പമില്ല.
പക്ഷേ അവയിൽ നല്ലൊരുഭാഗവും വലിച്ചൊടിച്ച് നശിപ്പിച്ച നിലയിലാണ്.
കാട്ടാനക്കൂട്ടത്തിന്റെ ശല്യമുള്ള പ്രദേശമായിരുന്നു അത്.
മറുഭാഗം ചെങ്കുത്തായ കുന്നുകൾ. അതിനിടയിൽ പുളഞ്ഞുകിടക്കുന്ന റോഡ്. ഊട്ടിയിലേക്ക്. ഇരുപത്തിയഞ്ച് കിലോമിറ്ററേ ഉള്ളെങ്കിലും രണ്ടുമണിക്കൂറിൽ അധികം വേണം ആ വഴി ഊട്ടിയിൽ എത്തുവാൻ.
പെട്ടെന്നു പ്രജീഷിന്റെ സെൽഫോൺ ഇരമ്പി.
അയാൾ അതെടുത്തു നോക്കി.
''മൈസൂറിലെ കാർ ഡീലറാ. ഒരു റെയ്‌ഞ്ച് റോവർ കാറിന്റെ കാര്യം താൻ പറഞ്ഞിരുന്നല്ലോ അയാളോട്..."
പ്രജീഷ്, ചന്ദ്രകലയെ നോക്കി.
''ഇപ്പോൾ അതിനു പറ്റിയ അവസ്ഥയല്ലല്ലോ നമ്മുടേത്. തൽക്കാലം വേണ്ടെന്നു വയ്ക്കാം. ബാക്കി പണം കിട്ടുമ്പോൾ വാങ്ങാം."
ചന്ദ്രകല പറഞ്ഞു.
''അയാളോട് ഇപ്പോൾ എന്താ പറയുക?"
പ്രജീഷ് ചിന്തിച്ചു.
''തൽക്കാലം ഒന്നും പറയണ്ടാ. കാൾ അറ്റന്റു ചെയ്യുകയും വേണ്ടാ."
അതാണു നല്ലതെന്ന് പ്രജീഷും കരുതി.
''എന്തായാലും നമുക്ക് ആ ബൈക്കിൽ കണ്ടവനെ പിടിക്കണം. പണം ഏത് വഴി പോയെന്ന് അറിയണം. കിട്ടുന്ന അത്രയുമെങ്കിലും തിരിച്ചെടുക്കണം."
പ്രജീഷിന്റെ കടിച്ചു പിടിച്ച പല്ലുകൾക്കിടയിലൂടെ വാക്കുകൾ ചതഞ്ഞരഞ്ഞു പുറത്തുചാടി.
ചന്ദ്രകല മറുപടി പറയുവാൻ ഭാവിക്കുകയായിരുന്നു.
അപ്പോൾ ലോഡ്ജിനു മുന്നിൽ പച്ച ചായമടിച്ച ഒരു പഴയ ജീപ്പ് വന്നു നിന്നു.
ഫോർ വീൽ ജീപ്പ്!
അതിൽനിന്ന് ബ്രോക്കർ മുനിയാണ്ടി ഇറങ്ങുന്നത് അവർ കണ്ടു.
മുനിയാണ്ടി സ്റ്റെപ്പുകൾ കയറി അവർക്കരുകിലെത്തി.
''വീട് വല്ലതും ശരിയായോ?"
ഉദ്വേഗത്തോടെ ചന്ദ്രകല തിരക്കി.
''ഈ മസനഗുഡിയിൽ കിട്ടില്ല. പക്ഷേ മായാറിൽ വീടുണ്ട്. ഡാമിന് അരുകിൽ.."
ചന്ദ്രകല പ്രജീഷിനു നേർക്കു തിരിഞ്ഞു.
''അതു മതിയാകുമോ?"
''മതി." അയാൾ സമ്മതിച്ചു.
''എങ്കിൽ നമുക്ക് ഇപ്പോൾത്തന്നെ പുറപ്പെടാം. ഞാൻ വന്ന ജീപ്പിൽ."
മുനിയാണ്ടി ഷർട്ടിന്റെ കോളറിന് അടിയിൽ നിന്ന് ഒരു കർച്ചീഫ് വലിച്ചെടുത്ത് മുഖവും കഴുത്തും അമർത്തി തുടച്ചു.
ചന്ദ്രകലയും പ്രജീഷും വേഗം മുറിക്കുള്ളിൽ കയറി വേഷം മാറി. തൽക്കാലം ധരിക്കാനുള്ളത് അവർ മസനഗുഡിയിലെ കടയിൽ നിന്നു വാങ്ങിയിരുന്നു.
ഇരുവരും പുറത്തിറങ്ങി. വാതിൽ പൂട്ടി. പെട്ടെന്ന് റോഡിലൂടെ ഒരു ബൈക്ക് പാഞ്ഞുപോയി.
''അത് അവനല്ലേ?" മുനിയാണ്ടി കൈചൂണ്ടി.
(തുടരും)