വാഷിംഗ്ടൺ: യു.എസിലെ ടെക്‌സസിൽ തോക്കുധാരിയായ അക്രമി നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമത്തിൽ 20ലേറെപേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോസ്റ്റൽ വാഹനം തട്ടിയെടുത്ത് റോഡിൽ കാണുന്നവരെയെല്ലാം ഇയാൾ വെടിവച്ചു. അതേസമയം, ഇയാളെ വധിച്ചതായി പൊലീസ് പറഞ്ഞു.
തടഞ്ഞ് നിറുത്തിയ ട്രാഫിക് പൊലീസിന് നേരെ വെടിവയ്‌പ് നടത്തിയ അക്രമി പിന്നീടാണ് തന്റെ വാഹനം ഉപേക്ഷിച്ച് പോസ്റ്റൽ വാഹനം തട്ടിയെടുക്കുകയും ശേഷം റോഡിലൂടെ സഞ്ചരിച്ച് ആളുകളെ വെടിവയ്ക്കുകയും ചെയ്തത്. വെടിവയ്പ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്.