ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഭാഗമായി വീട്ടുതടങ്കലിൽ കഴിയുന്ന കാശ്‌മീർ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്. അതേസമയം, ഒമർ കുടുംബം ഈ ആഴ്ചയിൽ രണ്ട് തവണ അദ്ദേഹത്തെ കണ്ടുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീനഗറിലെ ഹരിനിവാസിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിട്ടുള്ളത്. ഒമറിന്റെ സഹോദരി സഫിയയും മക്കളും ഒമറുമായി കുടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. 20 മിനിറ്റ് സമയം മാത്രമാണ് കൂടിക്കാഴ്‌ചയ്‌ക്ക് അനുവദിച്ചത്.
വീട്ടുതടങ്കലിലായ കാശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് തരിഗാമിയെക്കാണാൻ യെച്ചൂരി എത്തിയത്. ഒരു ദിവസം ഒന്നിച്ചു താമസിച്ച ശേഷമാണ് അദ്ദേഹം ഡൽഹിയിൽ മടങ്ങിയെത്തിയത്. ഒരു ദിവസം തരിഗാമയുടെ വീട്ടിൽ തങ്ങാൻ അനുവദിക്കണമെന്ന യെച്ചൂരിയുടെ ആവശ്യം അധികൃതർ അംഗീകരിച്ചിരുന്നു. തരിഗാമിയുടെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങളിൽ യെച്ചൂരി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും.
അതേസമയം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ച് കാശ്മീർ താഴ്‌വരയിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ച് വരികയാണ്. 105 പൊലീസ് സ്റ്റേഷനുകളിൽ 82 എണ്ണം സാധാരണ രീതിയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ 29 അധിക ലാൻഡ് ലൈനുകളും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. 47 അധിക ടെലിഫോൺ എക്സ്ചേഞ്ചുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ പരിശോധിക്കാനെത്തിയതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്.