പാറ്റ്ന: കൊലക്കേസ് പ്രതിയുടെ ജന്മദിനം ആർഭാടമായി കൊണ്ടാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ സീതാമർഹി ജയിലിനുള്ളിൽ നിന്നുള്ളതാണ് വീഡിയോ. പിന്റു തിവാരി എന്ന കൊലക്കേസ് പ്രതിയുടെ ജന്മദിനമാണ് ജയിലിനുള്ളിൽവച്ച് ആഘോഷിച്ചത്.
ഇയാൾ കേക്ക് മുറിക്കുന്നതും പന്ത്രണ്ടിലധികം തടവുകാർ തറയിൽ ഇരുന്ന് മട്ടനും ചോറും കഴിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് തടവുകാർ ഇയാൾക്ക് പിറന്നാൾ സമ്മാനങ്ങളും നൽകുന്നുണ്ട്. പാർട്ടി അവസാനിച്ചതിനുശേഷം പിന്റുവും മറ്റ് തടവുകാരും മധുരപലഹാരങ്ങൾ കഴിക്കുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.
പാർട്ടിക്ക് ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ജയിൽ വളപ്പിനുള്ളിലേക്ക് ഒരു പാചകക്കാരനെ വിളിച്ചെന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. ജയിലിനുള്ളിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്നും ജന്മദിനാഘോഷം മുഴുവൻ ചിത്രീകരിക്കാൻ ഇത് ഉപയോഗിച്ചിരുന്നതായും ഈ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് വകുപ്പിനുള്ളിൽ വലിയ കോളിളക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ജയിൽ ഐ.ജി മിഥിലേഷ് മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും, അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ബീഹാർ ജയിലിനുള്ളിൽ നടത്തിയ പരിശോധനകളിൽ മൊബൈൽ ഫോണുകൾ, ചാർജറുകൾ, മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കൾ കണ്ടെടുത്തിരുന്നു.