കോട്ടയം: പാലായിൽ ഇന്ന് തന്നെ യു.ഡ്.എഫ് സ്ഥാനാത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ് രണ്ടില ചിഹ്നത്തിൽതന്നെ മത്സരിക്കുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. അതേസമയം, ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസ്.കെ.മാണി മത്സരിക്കാൻ സാദ്ധ്യതയില്ലെന്ന് മുതിർന്ന കേരളകോൺഗ്രസ് (എം)നേതാവ് പി.ജെ.ജോസഫ് പറഞ്ഞു.
ചിഹ്നം വിട്ടു നൽകില്ലെന്ന് സൂചന നൽകി പി.ജെ ജോസഫ് പക്ഷം നിലപാട് കടുപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സമയം വേണമെന്നും, സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. എന്നാൽ, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ന് വൈകീട്ട് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും ജോസ്.കെ.മാണി അറിയിച്ചു.
പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിക്കു മാത്രം ചിഹ്നമെന്നു പ്രഖ്യാപിച്ച ജോസഫ് വിഭാഗം യു.ഡി.എഫിന് പ്രത്യേക ലിസ്റ്റ് നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇന്ന് കോട്ടയത്ത് യു.ഡി.എഫ് നേതാക്കളുടെ യോഗമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം അതിനു ശേഷം ഉണ്ടായേക്കാം. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി ഉണ്ടാകുമെന്നും, രണ്ടില ചിഹ്നത്തിൽ മുന്നണി സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ കോട്ടയത്ത് അറിയിച്ചത്. രണ്ടില ചിഹ്നം ജോസഫ് അനുവദിച്ചാൽ അദ്ദേഹത്തിന്റെ നേതൃത്വം ജോസ് അംഗീകരിച്ചതു പോലെയാകും. ഈ കെണി മനസിലാക്കിയാണ് ജോസ് വിഭാഗം ജോസഫ് പറയുന്നത് അംഗീകരിക്കാത്തത്.
യു.ഡി.എഫ് പിന്തുണയോടെ നിഷയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം, യു.ഡി.എഫ് നേതാക്കളെക്കൊണ്ടു തന്നെ ചിഹ്നം വാങ്ങിച്ചെടുക്കാനുള്ള നീക്കമാണ് ജോസ് വിഭാഗത്തിന്റേത്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഏഴംഗസമിതിയിൽ നിന്ന് ജോസ് ഒഴിവായതും നിഷയ്ക്ക് വഴിയൊരുക്കാനായിരുന്നുവെന്ന് വ്യക്തം. ജോസഫിനെ ചെയർമാനാക്കി അംഗീകരിക്കില്ല, ചിഹ്നവും ആവശ്യപ്പെടില്ല എന്ന നിലപാടാണ് ജോസിന്റേത്. സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളതിനാൽ ജോസഫിന്റെ കടുംപിടിത്തത്തിന് വഴങ്ങില്ലെന്ന് ജോസ് കെ. മാണി യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.