ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പറഞ്ഞു. മോദി സർക്കാരിന്റെ തെറ്റായ നടപടികളാണ് ഇത്തരം അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ആദ്യപാദത്തിലെ അഞ്ച് ശതമാനം ജി.ഡി.പി വളർച്ചനിരക്ക് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ആറ് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന സർക്കാർ കണക്കുകൾ പുറത്തുവന്നതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സാമ്പത്തിക വിദഗ്ദൻ കൂടിയായ മൻമോഹൻ സിംഗിന്റെ പ്രതികരണം.
'ഈ പാതയിലൂടെ തുടരാൻ ഇന്ത്യക്ക് സാധിക്കില്ല. അതിനാൽ പ്രതിസന്ധിയിൽ നിന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ കുടിപ്പക രാഷ്ട്രീയം മാറ്റിവയ്ക്കാനും ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു'- മൻമോഹൻ സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് വളരെ വേഗതയിൽ വളരാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-20 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രമാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. 2013മാർച്ചിന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
മാർച്ചിൽ അവസാനിച്ച, കഴിഞ്ഞ പാദത്തിലെ വളർച്ചാനിരക്ക് 5.8 ശതമാനമായിരുന്നു. മുൻപാദത്തിലെ വളർച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 വർഷത്തിലെ മൊത്തം ജി.ഡി .പി വളർച്ചാനിരക്ക് 6.8 ശതമാനമായിരുന്നു.