spanish-nun

ഗജപതി: 48 വർഷമായി ഒഡീഷയിലെ ഗജപതി ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയോട് രാജ്യം വിടാനാവശ്യപ്പെട്ട് കേന്ദ്രം. അതീവ പിന്നാക്ക ഗ്രാമമായ അലിഗൻഡിലാണ് സ്പെയിനിൽ നിന്നുള്ള കന്യാസ്ത്രീയായ ഡോ.ഐൻദീന കോസ്റ്റിയ (86) സേവനമനുഷ്ടിച്ചിരുന്നത്. ഒരാഴ്ച മുൻപാണ് വിസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ അറിയിപ്പ് അവർക്കു ലഭിച്ചത്.

തുടർവിസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പിൽ പറയുന്നില്ല. കേന്ദ്രസർക്കാർ വിസ നീട്ടിക്കൊടുക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ മാസം 20ന് ഇവർ ഇന്ത്യ വിടുകയായിരുന്നു. 1971 ആഗസ്റ്റ് 15ന് അലിഗൻഡയിലെത്തിയ ഡോ. ഐൻദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്‌പെൻസറി ഈ ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു. രൂക്ഷമായ വരൾച്ച നേരിടുന്ന ഗോത്രവർഗ ഗ്രാമത്തിന്റെ വികസനത്തിനായി അവർ ജീവിതം ചിലവഴിച്ചു.

ഭുവനേശ്വറിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് അലിഗൻഡ്. ഇവിടെയുള്ളവർക്കായി നിരവധി സഹായ പ്രവർത്തനങ്ങൾ ഐൻദീന കോസ്റ്റിയ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെൻസറിയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതാണ്. എന്നാൽ,​ ഇക്കഴിഞ്ഞമാസം പെട്ടെന്നാണ് കേന്ദ്രസർ‌ക്കാർ തീരുമാനം പുറത്തുവരുന്നത്. ഐൻദീനയുടെ വിസ നീട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

അഞ്ച് പതിറ്റാണ്ടോളമായി ഐൻദീന തന്റെ ജീവിതം ചിലവഴിച്ചത് ഈ പ്രദേശത്താണ്. എന്തുകൊണ്ട് ഐൻദീന ഈ പ്രദേശം തന്നെ തന്റെ സേവനത്തിന് തിര‌ഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഇവിടെയുള്ള ആർക്കും ഉത്തരമില്ല. ക്ഷയരോഗ ചികിത്സയിൽ വിദഗ്‌ധയായതിനാലാണ് ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും ചിലർ പറയുന്നു. ഐൻദീന ഇവിടെയെത്തിയത് ഭാഗ്യമായി കരുതുന്നവരാണ് ഇവിടെത്തുകാർ.