wife

ജയ്പൂർ: നമ്മുടെ ആഗ്രഹങ്ങൾക്ക് പ്രധാന്യം നൽകി,​ അത് ഓർത്തുവച്ച് സർപ്രൈസായി സാധിച്ച് തരുന്നയാളെ ജീവിതപങ്കാളിയായി കിട്ടുകയെന്നത് വളരെക്കുറച്ച് പേർക്ക് മാത്രം കിട്ടുന്നൊരു ഭാഗ്യമാണ്. അത്തരത്തിലൊരു ഭാഗ്യവതിയാണ് രാജസ്ഥാനിലെ ലവാലി ഗ്രാമത്തിലെ രമേശ് ചന്ദ് മീന എന്ന അദ്ധ്യാപകന്റെ ഭാര്യ.

ഒരു ഹെലികോപ്പ്റ്റർ വാടകയ്‌ക്കെടുക്കാൻ എത്ര പണം ചിലവാകുമെന്ന് മീനയോട് ഒരിക്കൽ ഭാര്യ ചോദിച്ചിരുന്നു. രാജസ്ഥാനിലെ അൽവാറിലെ ഒരു സ്‌കൂൾ അധ്യാപകനായ അദ്ദേഹം ഭാര്യയുടെ ആ അഗ്രഹം ഓർത്തുവച്ച് തന്റെ വിരമിക്കൽ ദിവസം അത് സാധിച്ച് കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

വിരമിക്കൽ ചടങ്ങിന് ശേഷം പരമ്പരാഗത വസ്ത്രവും സൺഗ്ലാസും ധരിച്ച രമേശ് ചന്ദ് മീനയും ഭാര്യയും കൊച്ചുമകനും കൂടി ജയ്പൂരിൽ സ്കൂളിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മലവാലി ഗ്രാമത്തിലെ അവരുടെ വസതിയിലേക്ക് ഹെലികോപ്പ്റ്ററിലാണ് വന്നത്. ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി താൻ ഡൽഹിയിലേക്ക് വിളിച്ച് 3.70 ലക്ഷം രൂപയ്ക്ക് ഹെലികോപ്പ്റ്റർ സർവീസ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് രമേശ് മീന പറഞ്ഞു.

'18 മിനിറ്റ് മാത്രമേ ഹെലികോപ്പ്റ്ററിലിരുന്നുള്ളുവെങ്കിലും അത് അവിസ്മരണീയമായ അനുഭവമായിരുന്നു. എന്റെ ഭാര്യ ഹെലികോപ്പ്റ്റർ കണ്ടയുടൻ അതിന്റെ വിലയെപ്പറ്റി എന്നോട് ചോദിച്ചു. ഇത് ഞങ്ങളുടെ ആദ്യത്തെ അനുഭവമായിരുന്നു. ഞങ്ങൾ ഇത് വളരെയധികം ആസ്വദിച്ചു. മീന വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ജില്ലാ ഭരണകൂടത്തിൽ നിന്നും മറ്റ് വകുപ്പുകളിൽ നിന്നും ആവശ്യമായ എല്ലാ അനുമതികളും താൻ എടുത്തിട്ടുണ്ടെന്നും,​ പ്രക്രിയ എളുപ്പമാക്കാൻ സഹായിച്ച ജില്ലാ ഭരണാധികാരികൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.