ദിസ്പൂർ: അസമിൽ തേയിലത്തോട്ടം തൊഴിലാളികൾ ഡോക്ടറെ മർദ്ദിച്ച് കൊന്നു. ഡോ. ദേബൻ ദത്ത (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി മരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ ദത്തയെ, അദ്ദേഹം ഡ്യൂട്ടിക്കെത്താത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം തൊഴിലാളികൾ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് തൊഴിലാളി ക്ഷേമ പ്രവർത്തകൻ ജിബൻ കുമാരിക്കും ഇതിനിടെ മർദ്ദനമേറ്റിരുന്നു.
എസ്റ്റേറ്റിലെ വെൽഫെയർ ഓഫീസർ സ്ഥലത്തെത്തി ജീവനക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസും സി.ആർ.പി.എഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്.ശേഷം ഡോക്ടറെ ജോർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്കൊപ്പം പുറത്തുനിന്ന് എത്തിയവരും ഡോക്ടറെ മർദ്ദിച്ചുവെന്ന് അമാൽഗമേറ്റഡ് പ്ലാന്റേഷൻ ലിമിറ്റഡ് അധികൃതർ പറഞ്ഞു. സംഭവത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 19 പേരെ പൊലീസ് അറസ്റ്റുചെയ്തു.