yathish-chandra

തൃശൂർ: ഗതാഗത നിയമം ലഘിക്കുന്നവരിൽ നിന്ന് വമ്പൻ പിഴ ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചാലും മദ്യപിച്ച് വാഹനമോടിച്ചാലുമൊക്കെ മുമ്പത്തേക്കാൾ ഏകദേശം ഇരട്ടി തുകയാണ് ഇനിമുതൽ പിഴ ഈടാക്കുന്നത്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനെത്തിയിരിക്കുകയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്ര.

ഹെൽമറ്റ് ഉപയോഗിക്കാത്തത് മുടി കൊഴിയുന്നതിനാലാണ് എന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് യതീഷ് ചന്ദ്ര. ഹെൽമറ്റ് ധരിച്ചാൽ മുടിയല്ലേ പോകൂ തല പോകില്ലല്ലോ എന്നാണ് യതീഷ് ചന്ദ്രയുടെ മറുപടി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 25,​000 രൂപ പിഴയും മൂന്ന് വർഷം തടവും ഉടമയ്ക്ക്‌ അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദു ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക്‌ 25 വയസിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും, 10,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ 15,000 രൂപയും, തടവ് ‌രണ്ട് വർഷവും ആകുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. മോട്ടോർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള നടപടിയാണിത്. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാഹന പരിശോധന ഉടൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള തിയതി കഴിഞ്ഞാൽ ഒരു വർഷം വരെ പിഴ ഒടുക്കി പുതുക്കാം. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് വിജയിക്കേണ്ടി വരും.