ന്യൂഡൽഹി: രാജ്യത്ത് മനുഷ്യ നിർമിത സാമ്പത്തിക മാന്ദ്യമെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. മൻമോഹൻസിംഗ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ മേഖലയിലുള്ളവരുമായും ചർച്ചകൾ നടത്തിവരികയാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തൊട്ടാകെ തൊഴിൽനഷ്ടമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയിൽ നിന്ന് ആവശ്യമുയർന്നാൽ അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും, സർക്കാരുമായി ആശയവിനിമയം നടത്താൻ ഏതെങ്കിലും മേഖലയിലുള്ളവർ താൽപര്യം പ്രകടിപ്പിച്ചാൽ അവരെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി വ്യക്തമാക്കി. ജി.എസ്.ടി നിരക്ക് കുറയ്ക്കൽ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്നും സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മൻമോഹൻ സിംഗ് പറഞ്ഞിരുന്നു. മോദി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മോദി സർക്കാർ വിവിധ മേഖലകളിൽ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിർമിതമാണ്.’- മൻമോഹൻ സിംഗ് പറഞ്ഞു. അതേസമയം, ജി.ഡി.പി വളർച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും നിർമാണ രംഗം 0.6 ശതമാനം ഇടിഞ്ഞതായും മൻമോഹൻസിംഗ് വ്യക്തമാക്കിയിരുന്നു.