pala-by-election

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി.സി.കാപ്പൻ പ്രചാരണം തുടങ്ങിയെങ്കിലും യു.ഡി.എഫിൽ ഇപ്പോഴും തർക്കം തുടരുകയാണ്. പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിലെ രണ്ട് പി.ജെ.ജോസഫ്, കെ.എം.മാണി വിഭാഗങ്ങൾ തർക്കം തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പാലായിൽ മത്സരിക്കാൻ പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജോസഫിന്റെ പക്ഷം. എന്നാൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ്.കെ.മാണി വിഭാഗം അവകാശപ്പെടുന്നു. മണ്ഡലത്തിൽ നിഷാജോസ്.കെ.മാണിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിന്റെ വിവിധ ഘടകങ്ങൾ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ ജോസഫ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ രണ്ടില ചിഹ്നം വേണ്ടെന്ന് വയ്‌ക്കുമെന്നും പകരം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നുമാണ് ജോസ്.കെ.മാണിയുടെ നിലപാട്.

അതേസമയം, അടുത്തിടെ ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം പുറത്തെടുക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെങ്കിൽ സ്വീകരിക്കുന്ന അതേരീതിയിലുള്ള പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് പാലായിൽ പുറത്തെടുക്കുന്നത്. മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളെ മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചു. വൈക്കം വിശ്വൻ, കെ.ജെ.തോമസ്, മന്ത്രി എം.എം.മണി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌ത് മേൽനോട്ടം വഹിക്കും. മൂന്നിന് പാലായിൽ നടക്കുന്ന പ്രവർത്തക യോഗത്തിൽ കോടിയേരി പങ്കെടുക്കും. ഓരോ പഞ്ചായത്തുകളുടെയും ചുമതല ഓരോ എം.എൽ.എമാർക്ക് നൽകിയിട്ടുണ്ട്. എല്ലായിടത്തും കുടുംബയോഗങ്ങൾ നടത്തണമെന്നും ഒരു വോട്ടറെ മൂന്ന് തവണയെങ്കിലും നേരിൽ കാണണമെന്നും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.