മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയാണ് നമ്മുടെ നാടിനെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈവിദ്ധ്യമാക്കിയിരുന്നത്. സസ്യശ്യാമള കോമള കേരളമെന്ന ഈണംപോലും പ്രകൃതിയുടെ വരദാനമാണ്. ഋതുഭേദമനുസരിച്ച് നെല്ലും വാഴയും കപ്പയും മറ്ര് നാണ്യവിളകളും കാർഷികോത്പന്നങ്ങളും കൃഷി ചെയ്ത് ജീവിച്ച മനുഷ്യരുടെ പരിസ്ഥിതിബോധവും സ്നേഹവും ലോകപ്രശസ്തമാണ്. ലോകത്തെ കാർഷികമേഖലയിലെ ഗവേഷകർ പോലും പഠനം പൂർത്തീകരിച്ചത് കേരളത്തിലെ സാധാരണ കർഷകരുടെ കൃത്യതയോടുകൂടിയുള്ള മണ്ണ് സംരക്ഷണവും ഉത്തരവാദിത്വബോധത്തോടെയുള്ള കാർഷിക ക്രമീകരണവും മാതൃകയാക്കിയായിരുന്നു. മണ്ണിൽ ചവിട്ടുന്ന ഓരോ കാൽപ്പാടിനടിയിലും ഭാവിയുടെ വാഗ്ദാനങ്ങൾ പ്രതീക്ഷയോടെ നമ്മെ നോക്കുന്നു എന്നുള്ള തികഞ്ഞ അറിവോടെയായിരുന്നു ഓരോ മനുഷ്യരും മണ്ണിൽ ചവിട്ടി നടന്നിരുന്നത്. അങ്ങനെ കാടിന്റെ മക്കൾ കാടിനെയും നാടിന്റെ മക്കൾ നാടിനേയും കടലിന്റെ മക്കൾ കടലിനെയും കാത്തുസൂക്ഷിച്ചിരുന്നത് എന്തിനായിരുന്നു? അവർക്കാവശ്യമുള്ളത് മാത്രം എടുത്തശേഷം അടുത്ത തലമുറയ്ക്കു വേണ്ടിയുള്ള കരുതലായിരുന്നു. അവർക്ക് വേണമെങ്കിൽ ആധുനികതയുടെയും വ്യവസായത്തിന്റെയും വികസനത്തിന്റെയും പേരിൽ അവർക്കുള്ളതും അടുത്ത തലമുറയ്ക്കുള്ളതും അതുകഴിഞ്ഞ് പത്തു തലമുറയ്ക്ക് വേണ്ടി ചുരന്നെടുക്കാമായിരുന്നു. അവരതു ചെയ്തില്ല. അതിന്റെ പേരാണ് കരുതൽ. ആ തലമുറയുടെ പേരാണ് മനുഷ്യർ. മനുഷ്യൻ മനനം ചെയ്യാൻ കഴിയുന്നവൻ, നന്മയും, തിന്മയും തിരിച്ചറിയുന്നവൻ. അന്ന് അവരത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെ ചെയ്യാൻ നമ്മിൽ ആരും ഉണ്ടാവില്ലായിരുന്നു. അവർ നമുക്കു വേണ്ടി വരുംതലമുറയ്ക്കു വേണ്ടി, കാത്തുസൂക്ഷിച്ച വിഭവങ്ങളെ യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെ ആർത്തിമൂത്ത ഇന്നത്തെ തലമുറ മലചുരന്നും മരം മുറിച്ചും പുഴയടച്ചും വികസനത്തിന്റെ പേരിൽ ചൂഷണം ചെയ്യാൻ മത്സരിക്കുന്നു. പണസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിനു വേണ്ടി വികസനത്തിന്റെയും വ്യവസായത്തിന്റെയും പേര് പറഞ്ഞ് ന്യൂനപക്ഷം വരുന്നവരാണ് ഈ നശീകരണം നടത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന കർഷകനും സാധാരണക്കാരനും വെള്ളപ്പൊക്കത്തിന്റെയും മലയിടിച്ചിലിന്റെയും കടലാക്രമണത്തിന്റെയും ഇരകളായി തെളിവിനുപോലും ബാക്കി വയ്ക്കാതെ മണ്ണിനടിയിലാവുന്നു. ഒടുവിലിതാ മലകളും, നദികളും കടലും ശവപ്പറമ്പായി മാറുന്നു.
ഈ ദുരവസ്ഥ ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്, അതെ, ഇതെല്ലാം മനുഷ്യനിർമ്മിതമാണ്. ഇതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് അറിയാഞ്ഞിട്ടോ, അറിയിക്കാഞ്ഞിട്ടോ അല്ല മനസിലാകാതിരുന്നിട്ടോ മനസിലാക്കാതിരുന്നിട്ടോ അല്ല, ആർത്തിമൂത്തവരുടെ പ്രലോഭനങ്ങളിലും സമ്മർദ്ദത്തിലും വീണുപോകുന്ന ഭരണാധികാരികളുടെ കൊടുംവഞ്ചനയുടെ ഫലമാണ് , അവരുടെ പാപത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കുന്ന ഏറ്റവും മഹത്തായ പാരിസ്ഥിതിക കടമയാണ് പശ്ചിമഘട്ടം നിറവേറ്റുന്നത്. അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വരുംതലമുറയെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള പഠനത്തിന് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗിലും, കസ്തൂരി രംഗനും അവരുടെ പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വളരെ ആധികാരികമായി പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകൾ പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകത വളരെ ശക്തമായും അതീവ പ്രാധാന്യത്തോടും കൂടിത്തന്നെ പറഞ്ഞിരുന്നു. കൃത്യമായ വിസ്തീർണം തന്നെ അളന്ന് തിട്ടപ്പെടുത്തി അതിൽ സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതിലോലപ്രദേശങ്ങളെ നിർണയിച്ച് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ കണ്ടെത്തലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളെ സംരക്ഷിക്കാത്തപക്ഷം അടുത്ത തലമുറയ്ക്കു വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഈ തലമുറ തന്നെ അതിന്റെ അതിഭയാനകമായ പ്രതിഭാസങ്ങളെ നേരിടേണ്ടിവരുമെന്ന് ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിലെ വികസനത്തിന്റെ മാതൃകയിൽ കേരളത്തിലും വികസനം കൊണ്ടുവരണം. അതിന് ആവശ്യത്തിന് സംരംഭകർ എത്തണം. അതുവഴി നമ്മുടെ കേരളം ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാകണം എന്ന വാശിയിലായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് സർക്കാരുകളുടെ ഭരണാധികാരികൾ. പരിസ്ഥിതി സൗഹൃദം എന്നത് കുടുംബശ്രീകളിലും അയൽക്കൂട്ടങ്ങളിലും പരിസ്ഥിതിദിനത്തിൽ ആർക്കും വേണ്ടാത്ത വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതും മാത്രമായി. ആയത് അയൽക്കൂട്ടം കൺവീനർമാരുടെ വീടുകളിൽ അനാഥമായി കൂട്ടിയിട്ടിരിക്കുന്നതും മാത്രമായി ചുരുങ്ങി. വലിയ വലിയ ഹോട്ടലുകളിൽ വൻകിടക്കാരും രാഷ്ട്രീയനേതാക്കന്മാരും ചർച്ച ചെയ്യുന്നതും നടപ്പാക്കുന്നതും വ്യവസായ സൗഹൃദത്തെക്കുറിച്ചാണ്. അതിന്റെ മറ്റൊരു നാമധേയമാണ് പരിസ്ഥിതി സംഹാരം. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാതിരിക്കാൻ മലയോര കർഷകരുടെ പേരിൽ മതന്യൂനപക്ഷങ്ങൾ സംഘടിക്കുകയും അവർ ആ പഠന റിപ്പോർട്ടുകളെയെല്ലാം തന്നെ വളരെ മ്ലേഛമായി അപമാനിക്കുകയും ചെയ്തു . പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാനും ആ റിപ്പോർട്ടിനെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാക്കുന്നതിനും ഒരു തുറന്ന ചർച്ചയ്ക്ക് അവിടുത്തെ എം.എൽ.എ കൂടിയായ പി. ടി.തോമസ് ശ്രമിച്ചപ്പോൾ കോളേജ് പ്രിൻസിപ്പലിന് ശവമഞ്ചമൊരുക്കിയ അപക്വമതികളായ വിദ്യാർത്ഥികളെപ്പോലെ അദ്ദേഹത്തിന് ശവമഞ്ചമൊരുക്കുകയും അതിന്റെ അടിയന്തിരത്തിന്റെ ഭാഗമായി കപ്പയും പോത്തിറച്ചിയും വിളമ്പിയ മതമേധാവിത്വത്തിനു മുന്നിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മുട്ടിലിഴയുന്ന കാഴ്ചയാണ് കേരളം കണ്ടത്. യഥാർത്ഥത്തിൽ ആ പ്രവൃത്തിയിലൂടെ പ്രകൃതിസ്നേഹിയായ ഒരു നല്ല ഭരണാധികാരിയെ മാത്രമല്ല അപമാനിച്ചത് മറിച്ച് മാധവ് ഗഡ്ഗിലിനേയും കസ്തൂരി രംഗനെയും ആയിരുന്നു എന്നത് തിരിച്ചറിയാൻ നമുക്ക് നൽകേണ്ടി വന്നത് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവിടെ സംഭവിച്ച അതിരൂക്ഷമായ പ്രളയത്തിന്റെ ഭാഗമായി നമുക്ക് നഷ്ടപ്പെട്ട നൂറ് കണക്കിന് മനുഷ്യജീവനാണ് . വികസന പ്രവർത്തനത്തിന്റെ പേരിൽ മലനിരകളെല്ലാം തന്നെ ക്വാറിമാഫിയയ്ക്ക് തീറെഴുതുമ്പോൾ പലരുടെയും പോക്കറ്റുകളിലേക്ക് കോടികളാണ് ഒഴുകിയെത്തിയത്. ഇതിനെക്കാൾ കുറഞ്ഞ ചെലവിൽ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും നിർമ്മാണ സാമഗ്രികൾ കൊണ്ടുവരാമെന്നിരിക്കേ, അതിനെല്ലാം തുരങ്കം വച്ചുകൊണ്ട് പരിസ്ഥിതിലോലപ്രദേശമായ ഇവിടെതന്നെ മലതകർക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം നിർമ്മാണമല്ല, മറിച്ച് പണാപഹരണമാണ്. രാഷ്ട്രീയ - ഉദ്യോഗസ്ഥ- മാഫിയ ബന്ധത്തിലൂടെ ഈ നാടിനെ ഒരു ദുരന്തഭൂമിയാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതിയെ തങ്ങളുടെ കൂടെ നിറുത്താൻ എല്ലാവരും മത്സരിച്ചു. ഒടുവിൽ അവർ തിരഞ്ഞെടുത്തത് എൽ. ഡി. എഫിനെ. നിലവിൽ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കാതിരിക്കാൻ കൂടുതൽ സഹകരിക്കുന്നത് എൽ.ഡി.എഫ്. ആയിരിക്കും എന്ന് അവർ ധരിച്ചു എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. പക്ഷേ ഈ കാര്യത്തിൽ ഇരുമുന്നണികളും ഒരേ തൂവൽപക്ഷികളെപ്പോലെയായിരുന്നു.
ഇനിയും മരിക്കാത്ത ഭൂമിയുടെ ആസന്ന മരണത്തിന് നാം അരു നിൽക്കരുത്. അതിന് പറ്റിയ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രലോഭനങ്ങൾക്കും സമ്മർദ്ദത്തിനും വഴങ്ങി റിപ്പോർട്ട് നടപ്പിലാക്കാതിരിക്കാൻ സഹകരിച്ച എല്ലാവരും ഇന്ന് അതിൽ ദു:ഖിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കാലാവസ്ഥാ വ്യതിയാനം അത്രയും വിനാശകരമാണ്. അതിവർഷവും അതിവരൾച്ചയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. അരുത്. അരുത് മഹാപാപം ചെയ്യരുത്.