anoop-chandran

ബ്ലാക്ക്,​ ക്ലാസ്മേറ്റ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ബി.ടെക് ബിരുദധാരിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഇന്ന് രാവിലെ ഗുരുവായൂരിൽവച്ചായിരുന്നു വിവാഹം.

ഇന്ന് വൈകീട്ട് സിനിമാ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് കണിച്ചുകുളങ്ങരയിൽ പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു.

സിനിമാ നടനെന്നതിലുപരി മികച്ച ഒരു കർഷകൻ കൂടിയാണ് അനൂപ്. കൃഷിയെ ഒരുപാട് ഇഷ്ടപ്പെടുന്ന അനൂപ് ജീവിതസഖിയാക്കിയിരിക്കുന്നത് ഒരു കർഷകയെ തന്നെയാണ്. കൃഷി ഉപജീവനമാക്കുകയും കാർഷിക മേഖലയെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനൂപ് ചന്ദ്രൻ മുമ്പ് പറഞ്ഞിരുന്നു. അച്ഛന്റെ സുഹൃത്ത് രാജാമുഹമ്മദ് ആണ് ലക്ഷ്‌മിയെകുറിച്ച് പറയുന്നതെന്നും കർഷകയാണെന്ന് കേട്ടതോടെ കാണാൻ തീരുമാനിക്കുകയായിരുന്നുവെന്നും അനൂപ് പറഞ്ഞു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രീതി നേടാനും അനൂപിനായി.