francis

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ ലിഫ്റ്റിൽ കുടുങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര അഭിസംബോധനയ്ക്ക് എത്തുംവഴിയാണ് മാർപ്പാപ്പ കയറിയ ലിഫ്റ്റ് പണിമുടക്കിയത്. 25 മിനുട്ടോളമാണ് മാർപ്പാപ്പ കുടുങ്ങിക്കിടന്നത്. വത്തിക്കാനിലുണ്ടായ വൈദ്യുത തകരാറാണ് ലിഫ്റ്റ് പണിമുടക്കിയതിന് കാരണമെന്നാണ് റിപ്പോർട്ട്. അഗ്നിശമനസേന എത്തിയാണ് മാർപ്പാപ്പയെ സുരക്ഷിതനായി പുറത്തെത്തിച്ചത്. തുടർന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിയ മാർപ്പാപ്പ, താൻ വൈകിയതിന് വിശ്വാസികളോട് ക്ഷമ ചോദിച്ചാണ് പ്രസംഗം ആരംഭിച്ചത്. ലിഫ്റ്റിൽനിന്ന് തന്നെ രക്ഷപെടുത്തിയ അഗ്നിശമനസേനാംഗങ്ങൾക്കുവേണ്ടി കൈയടിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവാര അഭിസംബോധനയ്ക്കായ് മാർപ്പാപ്പ എത്താൻ വൈകിയതോടെ, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളാണെന്ന തരത്തിൽ ഇറ്റലിയിലെ വാർത്താസൈറ്റുകളിൽ വാർത്തകൾ വന്നിരുന്നു.