thaskaran-maniyan-pilla

തിരുവനന്തപുരം: തസ്കര മണിയൻ പിള്ളയുടെ മോഷണാനുഭവങ്ങൾക്കായിരുന്നു ഇന്നലെ തിരുവനന്തപുരം നിശാഗന്ധിയിലെ വലിയ സദസ് സാക്ഷ്യം വഹിച്ചത്. മോഷ്ടിക്കാൻ പോകുന്ന വീട്ടിലെ അകത്തെ മുറിയിൽ ഉറങ്ങുന്നവരുടെ ഉള്ളം കാലിൽ ഊതിയാൽ അവരുടെ ഉറക്കത്തിന്റെ ആഴം അളക്കാൻ സാധിക്കുമെന്ന് തസ്കരൻ മണിയൻ പിള്ള ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച സ്‌പേസസ് ഫെസ്റ്റിൽ മണിയൻ പിള്ളപറഞ്ഞു.

തന്റെ പതിനാറാമത്തെ വയസിലാണ് മോഷണം തുടങ്ങിയതെന്നും ഇതുവരെ സ്ത്രീകളെ ഉപദ്രവിക്കുകയോ അവരുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ കവരുകയോ ചെയ്തിട്ടില്ലെന്നും തസ്കരൻ മണിയൻപിള്ള പറഞ്ഞു. സമയമുണ്ടെങ്കിൽ കയറുന്ന വീട്ടിലെ കുളിമുറിയിൽ കയറി കുളിച്ച് അവരുടെ വസ്ത്രമണിഞ്ഞ് തിരികെപ്പോരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

കളവ് മുതൽ എന്ത് ചെയ്തുവെന്ന സദസിന്റെ ചോദ്യത്തിന് തസ്കരൻ മണിയൻപിള്ള നൽകിയ ഉത്തരം അക്ഷരാർത്ഥത്തിൽ സദസിനെ ഞെട്ടിച്ചുകളഞ്ഞു. കളവു മുതൽ കൊണ്ട് താൻ നാല് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുണ്ടെന്നായിരുന്നു കാണികളുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം.