ടെക്‌സാസ് : യു.എസിലെ ടെക്‌സാസിൽ തോക്കുധാരിയായ അക്രമി നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തുടർന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടു. ഇയാളാരാണെന്നും അക്രമത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. പടിഞ്ഞാറൻ ടെക്‌സാസിലെ ഇരട്ടനഗരങ്ങളായ മിഡ്ലാൻഡിലും ഒഡേസയിലുമാണ് സംഭവമുണ്ടായത്. 17 മാസം മാത്രം പ്രായമുള്ള കുട്ടിയും, ഒഡേസ പൊലീസ് മേധാവിയുമുൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മോഷ്ടിച്ച തപാൽവകുപ്പിന്റെ വാഹനത്തിലിരുന്നാണ് അക്രമി വെടിയുതിർത്തത്.
നാല് ആഴ്‌ചയ്ക്കുള്ളിൽ ടെക്‌സാസിൽ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ആഗസ്റ്റ് 3ന് എൽപാസോയിലെ വാൾമാർട്ടിൽ നടന്ന വെടിവയ്പിൽ 22 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.