
ന്യൂയോർക്ക്: ഇന്ത്യൻ - അമേരിക്കൻ അഭിഭാഷക ഷിറീൻ മാത്യൂസിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ ജഡ്ജി ആയി നാമനിർദ്ദേശം ചെയ്തു. ജോൺസ് ഡേ എന്ന നിയമ സ്ഥാപനത്തിന്റെ പങ്കാളിയാണ് ഷിറീൻ മാത്യൂസ്. ഉദ്യോഗസ്ഥ തലങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതാണ് ഷിറീന്റെ പ്രവർത്തനമണ്ഡലം. നേരത്തേ കാലിഫോർണിയയിൽ അസിസ്റ്റന്റ് ഫെഡറൽ പ്രോസിക്യൂട്ടറായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സതേൺ കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ സതേൺ ജില്ലാ ഫെഡറൽ കോടതിയിലേക്ക് വൈറ്റ് ഹൗസ് ഷിറീൻ മാത്യൂസിനെ നാമനിർദ്ദേശം ചെയ്തത്. നിയമനത്തിന് ഇനി സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. വിവിധ തലത്തിൽപെട്ട ഫെഡറൽ ജുഡിഷ്യറിയിലേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്ത ആറാമത് ഇന്ത്യൻ -അമേരിക്കൻ അഭിഭാഷകയാണ് ഷിറീൻ മാത്യൂസ്.
ഇത് ചരിത്രപരമായ നാമനിർദ്ദേശമാണെന്ന് സൗത്ത് ഏഷ്യാ ബാർ അസോസിയേഷൻ അദ്ധ്യക്ഷൻ അനീഷ് പറഞ്ഞു. ഷിറീന്റെ നിയമനം സെനറ്റ് ഉടനേ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കെ അമേരിക്കയിൽ സൗത്ത് ഏഷ്യാ ബാർ അസോസിയേഷനിലും ഷിറീൻ മാത്യൂസ് ജോലി ചെയ്തിരുന്നു. പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ ദശലക്ഷക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് ഷിറീൻ പുറത്തുകൊണ്ടു വന്നിരുന്നു.