car-sales

 വില്‌പന നഷ്‌ടം: മാരുതി - 32.7%, മഹീന്ദ്ര - 25%

കൊച്ചി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം കൂടുതൽ പിടിമുറുക്കുന്നുവെന്ന് ശക്തമായി സൂചിപ്പിച്ച് ആഗസ്‌റ്റിലും വാഹന വില്‌പന കൂപ്പുകുത്തി. ജൂലായിൽ മൊത്തം വാഹന വില്‌പന 18.71 ശതമാനം ഇടിഞ്ഞിരുന്നു. 19 വർഷത്തെ ഏറ്റവും മോശം പ്രകടനമാണിത്. ആഗസ്റ്റിൽ സ്ഥിതി ഇതിലും ദയനീയമാണെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന കണക്കുകൾ.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ വില്‌പന ആഗസ്‌റ്റിൽ 32.7 ശതമാനം കുറഞ്ഞു. മാരുതി കഴിഞ്ഞമാസം 1.06 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 2018 ആഗസ്‌റ്റിൽ വില്‌പന 1.58 ലക്ഷം യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയിൽ മാത്രം വില്‌പന 34.3 ശതമാനം നഷ്‌ടം നേരിട്ടു. 1.47 ലക്ഷം യൂണിറ്റുകളിൽ നിന്ന് 97,061 യൂണിറ്റുകളിലേക്കാണ് വില്‌പന തളർച്ച.

സാധാരണക്കാരുടെ ശ്രേണി എന്നറിയപ്പെടുന്ന ചെറുകാറുകളുടെ വില്‌പനയിൽ മാരുതി കുറിച്ചത് 71.8 ശതമാനം നഷ്‌ടമാണ്. ഇന്ത്യയിൽ സാമ്പത്തിക ഞെരുക്കം രൂക്ഷമാണെന്ന വ്യക്തമാക്കുന്നതാണ് ഈ തളർച്ച. കയറ്റുമതിയിൽ 10.8 ശതമാനം കുറവും മാരുതി ആഗസ്‌റ്റിൽ കുറിച്ചു. 10,489 യൂണിറ്റുകളിൽ നിന്ന് 9,352 യൂണിറ്റുകളിലേക്കാണ് കയറ്റുമതി കുറഞ്ഞത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര 25 ശതമാനം വില്‌പന ഇടിവ് കഴിഞ്ഞമാസം രേഖപ്പെടുത്തി. 2018 ആഗസ്‌റ്റിലെ 48,324ൽ നിന്ന് 36,085 യൂണിറ്റുകളിലേക്കാണ് വില്‌പന താഴ്‌ന്നത്. ആഭ്യന്തര വില്‌പന 45,373ൽ നിന്ന് 33,564 യൂണിറ്റുകളായി കുറഞ്ഞു. നഷ്‌ടം 26 ശതമാനം. കയറ്റുമതി 15 ശതമാനം ഇടിഞ്ഞു. 2,951 യൂണിറ്റുകളിൽ നിന്ന് 2,521 യൂണിറ്റുകളിലേക്കാണ് ഇടിവ്. മഹീന്ദ്രയുടെ ട്രാക്‌ടർ വില്‌പന ആഗസ്‌റ്റിൽ 17 ശതമാനം ഇടിഞ്ഞത് കാർഷിക, ഗ്രാമീണ മേഖലകളുടെ സാമ്പത്തിക തളർച്ചയാണ് വ്യക്തമാക്കുന്നത്. 17,785 യൂണിറ്റുകളിൽ നിന്ന് 14,817 യൂണിറ്റുകളായാണ് ട്രാക്‌ടർ വില്‌പന താഴ്‌ന്നത്.

30%

ജൂലായിൽ മൊത്തം വാഹന വില്‌പന നഷ്‌ടം 18.71 ശതമാനമായിരുന്നു. പാസഞ്ചർ വാഹന വില്‌പന 36 ശതമാനവും കുറഞ്ഞു. 19 വർഷത്തെ ഏറ്റവും മോശം വില്‌പനയാണിത്. ആഗസ്‌റ്റിൽ മൊത്തം വില്‌പന നഷ്‌ടം 30 ശതമാനമെങ്കിലും കുറയുമെന്നാണ് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (സിയാം) വിലയിരുത്തൽ.

ജി.എസ്.ടി വരുമാനം

വീണ്ടും കുറഞ്ഞു

കേന്ദ്രസർക്കാരിന്റെ ജി.എസ്.ടി സമാഹരണം ആഗസ്‌റ്റിൽ 98,202 കോടി രൂപയായി കുറഞ്ഞു. ജൂലായിൽ 1.02 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. അതേസമയം, 2018 ആഗസ്‌റ്റിൽ ലഭിച്ചതിനേക്കാൾ 4.5 ശതമാനം വർദ്ധന കഴിഞ്ഞമാസമുണ്ടായി. 2018 ആഗസ്‌റ്റിൽ സമാഹരിച്ചത് 93,960 കോടി രൂപയാണ്.

സമാഹരണം ഇങ്ങനെ

(കോടി രൂപയിൽ)

സി.ജി.എസ്.ടി : ₹17,733

എസ്.ജി.എസ്.ടി : ₹24,239

ഐ.ജി.എസ്.ടി : ₹48,958

സെസ് : ₹7273

വിദേശ നിക്ഷേപത്തിൽ

കൊഴിഞ്ഞുപോക്ക്

നിക്ഷേപകരെ നിരാശപ്പെടുത്തിയ കേന്ദ്ര ബഡ്‌ജറ്റിന്റെ ചുവടുപിടിച്ചുള്ള വിദേശ നിക്ഷേപ നഷ്‌ടം ആഗസ്‌റ്റിലും തുടരുന്നു. ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചത് 5,920 കോടി രൂപയാണ്. ജൂലായിൽ 2,986 കോടി രൂപ നഷ്‌ടപ്പെട്ടിരുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെ നേട്ടം കൊയ്‌ത ശേഷമാണ് ജൂലായിൽ മുതലുള്ള വീഴ്‌ച.

 വിദേശ നിക്ഷേപകർക്കുമേൽ ബഡ്‌‌ജറ്റിൽ ചുമത്തിയ സർചാർജ് കേന്ദ്രസർക്കാർ പിൻവലിച്ച പശ്‌ചാത്തലത്തിൽ വരും നാളുകളിൽ വിദേശ നിക്ഷേപം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ഉത്തേജകത്തിൽ

പ്രതീക്ഷ

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) സാമ്പത്തിക പ്രതിസന്ധി, വായ്‌പാ വിതരണത്തിലെ കുറവ്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരത എന്നിവമൂലമുണ്ടായ പണലഭ്യതക്കുറവാണ് ഇന്ത്യൻ ഉപഭോക്തൃ വിപണിയെയും വ്യവസായ മേഖലയെയും തളർത്തുന്നത്.

ബാങ്ക് വായ്‌പാ ലഭ്യത വർദ്ധിപ്പിച്ച് വിപണിയിൽ പണമൊഴുക്ക് കൂട്ടാനുള്ള ഉത്തേജക നടപടികൾ കഴിഞ്ഞവാരം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്കും പലിശ കുറയ്‌ക്കുന്ന ട്രെൻഡാണ് സ്വീകരിച്ചിട്ടുള്ളത്.

ഇനിയും ഉത്തേജക നടപടികൾ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഈ ഉത്തേജക നടപടികളുടെ കരുത്തിൽ വരും മാസങ്ങളിൽ വിപണിയും സമ്പദ്‌രംഗവും നേട്ടത്തിലേറുമെന്നാണ് വിലയിരുത്തലുകൾ.