news

1. പാല ഉപതിരഞ്ഞെടുപ്പില്‍ നിലപാട് കടുപ്പിച്ച് ജോസ്.കെ.മാണി വിഭാഗം. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കും എന്ന് ജോസ്. കെ.മാണി. ചര്‍ച്ചകള്‍ തുടരുക ആണെന്നും എല്ലാം ശുഭകരം ആകുമെന്നും ജോസ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വവുമായി ധാരണ ആയിട്ടുണ്ട്. 6 മണിക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നും ജോസ് .കെ.മാണി പറഞ്ഞു. അല്‍പ്പസമയത്തിന് അകം പാര്‍ട്ടി ഉപദേശക സമിതി യോഗം ചേരും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫ് നേതൃത്വത്തിന് കൈമാറും.
2. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി.ജെ.ജോസഫ് കടുംപിടുത്തം തുടര്‍ന്നാല്‍ രണ്ടില ചിഹ്നം വേണ്ടെന്ന് വയ്ക്കും എന്നും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും എന്നും ജോസ് പക്ഷം നേരത്തെ അറിയിച്ചിരുന്നു. നിഷ ജോസ്.കെ മാണി മത്സരിക്കുന്നതിനോട് ആണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം എന്ന് ജോസ് പക്ഷം. എന്നാല്‍ പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ മതി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി.ജെ ജോസഫ് വിഭാഗം.
3. എല്ലാവരുടേയും പിന്തുണയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആണ് ജോസ് പക്ഷത്തിന്റെ ശ്രമം. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ തീരുമാനിക്കും എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.
4. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ആണ് രാഷ്ട്രപതി ഭവന്‍ പുതിയ ഗവര്‍ണറെ നിയമിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണര്‍ ആകുന്നതില്‍ സന്തോഷം ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍. കേരളം മഹത്തായ സംസ്ഥാനം. കേരളത്തില്‍ മുന്‍പ് വന്നിട്ടിണ്ട്. ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ ഉടന്‍ എത്തുമെന്നും ആരിഫ് മുഹമ്മദ്.


5. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ല്‍ 26ാം വയസ്സില്‍ അദ്ദേഹം യു.പി നിയമ സഭയിലെത്തി. 1980ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസുമായി തെറ്റി പാര്‍ട്ടി വിട്ടു. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക് സഭയിലെത്തി. 89ല്‍ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേന്ദ്ര മന്ത്രിയായി. 1998ല്‍ അദ്ദേഹം ജനതാദളും വിട്ടു. ബി.എസ്.പിയിലെത്തി. ജനതാദളിലും ബി.എസ്.പി.യിലും പ്രവര്‍ത്തിച്ച ശേഷം 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2007ല്‍ ബി.ജെ.പി വിട്ടെങ്കിലും മുത്തലാഖ് വിഷയത്തോടെ ബി.ജെ.പിയോട് അടുത്തു. മുസ്ലീം സമുദായത്തിലെ പുരോഗമന ആശയങ്ങളുടെ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്‍.
6. കേരളത്തേ കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാന ഗവര്‍ണറാകും. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രയ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്ര ഗവര്‍ണറാകും. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന കല്‍രാജ് മിശ്ര ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറും.
7. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല എന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ കുറിച്ച് മറുപടി പറയാനില്ല എന്നും നിര്‍മല.ധനമന്ത്രിയുടെ പ്രതികരണം, രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രംഗത്ത് എത്തിയതിന് പിന്നാലെ. നിലവിലെ സാമ്പത്തിക അവസ്ഥ ആശങ്കാ വഹം എന്ന് മന്‍മോഹന്‍ സിംഗ്. അവസാന പാദത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം എന്നത്, വിരല്‍ ചൂണ്ടുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നും അദ്ദേഹം തുറന്നടിച്ച് ഇരുന്നു.
8. നിര്‍മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം. നോട്ട് അസാധുവാക്കല്‍ എന്ന മണ്ടന്‍ തീരുമാനവും തിരക്കിട്ട ജി.എസ്.ടി നടപ്പാക്കലും നിര്‍മാണ മേഖലയ്ക്ക് ഉണ്ടാക്കിയത് കനത്ത ആഘാതം. ഇതില്‍ നിന്ന് ഇതുവരെ കര കയറിയിട്ടില്ല. സമസ്ത മേഖലകളിലും മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
9. വാഹനാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. ലഖ്നൗ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ മാസം ആറിന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്, സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്.