ന്യൂഡൽഹി: 1.3 ദശലക്ഷം വരുന്ന ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി ലഫ്. ജനറൽ മനോജ് മുകുന്ദ് നരവണെ ചുമതലയേറ്റു. ഉപമേധാവിയായിരുന്ന ലഫ്. ജനറൽ ദേവരാജ് അൻപു ആഗസ്റ്റ് 31 ന് വിരമിച്ച ഒഴിവിലേക്കാണ് നരവണെയുടെ പ്രവേശം. അതേസമയം, കരസേനാ മേധാവി ബിപിൻ റാവത്ത് ഈ വർഷം ഡിസംബറിൽ വിരമിക്കുമ്പോൾ കരസേനാ മേധാവിയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള ആളാണ് നരവണെ. ഇന്ത്യ-ചൈന അതിർത്തിയിൽ 4000 കിലോമീറ്ററോളം വരുന്ന പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന കിഴക്കൻ കമാൻഡിന്റെ തലവനായിരുന്നു മുകുന്ദ് നരവണെ.
ഓപ്പറേഷൻ പവൻ എന്ന് പേരിട്ട ശ്രീലങ്കയിലെ ഇന്ത്യൻ സേനാദൗത്യത്തിന്റെ ഭാഗമായിരുന്നു. മൂന്ന് വർഷം മ്യാൻമറിലെ ഇന്ത്യൻ എംബസിയോട് ചേർന്നുള്ള പ്രതിരോധസേനയിലും പ്രവർത്തിച്ചു. നാഷണൽ ഡിഫൻസ് അക്കാഡമിയിലും ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലുമായിട്ടായിരുന്നു പഠനം. 1980ലാണ് സേനയുടെ ഭാഗമാകുന്നത്. ജമ്മുകാശ്മീരിലും വടക്ക് കിഴക്ക് പ്രദേശങ്ങളിലുമായി 37 വർഷത്തെ പരിചയസമ്പത്തുണ്ട് നരവണെയ്ക്ക്. ജമ്മുകാശ്മീരിലെ സൈനികസേവനത്തിന് സേനാ പുരസ്കാരം നേടിയിട്ടുണ്ട്. നാഗാലാൻഡിലെയും അസാം റൈഫിൾസിലെയും സേവനത്തിന് വിശിഷ്ട സേവാ പുരസ്കാരവും നേടിയിട്ടുണ്ട്.