bjp

കോഴിക്കോട്: കേരളത്തിന്റെ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ചത് അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ഇന്നത്തെ അന്തരീക്ഷത്തിൽ വലിയ പ്രതീക്ഷ ഉണർത്തുന്ന തീരുമാനമാണിത്.

തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാൻ. ലിംഗനീതിയും തുല്യനീതിയും ഉയർത്തിപ്പിടിച്ചുള്ള നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തുല്യനീതിയെച്ചൊല്ലിയാണ് അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.

പുതിയ ഗവർണറെ ജനങ്ങൾ ഒന്നടങ്കം തന്നെ സ്വാഗതം ചെയ്യും. ഗവർണർ പി. സദാശിവത്തിന്റെ പ്രവർത്തനത്തിൽ ബി.ജെ.പിക്ക് അതൃപ്തിയുണ്ടെന്ന കണ്ടെത്തൽ ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പാല ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥിയെ തിങ്കളാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കും. സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര നേതൃത്വത്തിന് നേരത്തേ സമർപ്പിച്ചതാണ്.

സംസ്ഥാനത്ത് ബി.ജെ.പി മെമ്പർഷിപ്പിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 15 ലക്ഷമായിരുന്നു അംഗത്വമെങ്കിൽ ഇപ്പോൾ അത് 24 ലക്ഷമായി ഉയർന്നിരിക്കുകയാണ്. പത്ത് ലക്ഷത്തിന്റെ വർദ്ധനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.