ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭം കനക്കുന്നു. ഹോങ്കോംഗ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും പൊതുഗതാഗത സംവിധാനവും പ്രക്ഷോഭകാരികൾ ഇന്നലെ തടഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഈ ദശാബ്ദത്തിലെ ഹോങ്കോംഗിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തിയും ട്രോളിബാഗുകൾ നിരത്തിയുമാണ് ഇവർ വഴിതടഞ്ഞത്. ൈപല വിമാനങ്ങളും വൈകിയാണ് പറന്നത്. ട്രെയിനുകൾ പലതും റദ്ദാക്കി.
വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് മാസം മുമ്പ് പ്രതിഷേധം തുടങ്ങിയത്. നിയമം പിൻവലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള ജനാധിപത്യ പ്രക്ഷോഭമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിൻബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിറുത്തുന്നത്.
ബ്രിട്ടന്റെ മുൻകോളനിയായിരുന്ന ഹോങ്കോംഗിന്റെ മേൽ 22 വർഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം.