ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ട് പേടകത്തെ ചന്ദ്രനോട് കൂടുതൽ അടുപ്പിക്കാനുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായി.
ഇന്നലെ വൈകിട്ട് 6.21നായിരുന്നു സുപ്രധാന ദൗത്യം. പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം 52 സെക്കൻഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനോട് 119 കിലോമീറ്റർ അടുത്തും 127 കിലോമീറ്റർ അകന്നുമുള്ള ഭ്രമണപഥത്തിലേക്കാണ് പേടകം താഴ്‌ത്തിയത്. നിലവിൽ അത് 126 x 168 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്നു.
ദൗത്യത്തിലെ ഏറ്റവും സുപ്രധാന ഘട്ടത്തിൽ ഓർബിറ്ററും ലാൻഡർ വിക്രമും
തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ വേർപ്പെടും. അതിനു മുന്നോടിയായുള്ള അവസാന ഭ്രമണപഥം താഴ്‌ത്തലായിരുന്നു ഇന്നലെ. പേടകത്തിന്റെ എല്ലാ പ്രവർത്തനങ്ങളും തൃപ്തികരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 12.45നും 1.45നും ഇടയിലായിരിക്കും വേർപെടൽ എന്ന് സൂചനയുണ്ട്. കൃത്യസമയം ശാസ്‌ത്രജ്ഞർ തീരുമാനിക്കും. ഓർബിറ്ററിൽ നിന്നു വേർപെടുന്ന ലാൻഡറിനെ ചന്ദ്രന്റെ ധ്രുവങ്ങൾക്ക് മീതേ ഏകദേശം വൃത്താകാര ഭ്രമണ പഥത്തിൽ പ്രതിഷ്‌ഠിക്കും. മൂന്നിന് രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്ക് ഭ്രമണപഥം 109 x 120 കിലോമീറ്ററിലേക്കും നാലിന് വൈകിട്ട് മൂന്നിനും നാലിനും ഇടയ്ക്ക് 36 x 110 കിലോമീറ്റർ ഭ്രമണപഥത്തിലേക്കും താഴ്‌ത്തും. മൂന്ന്, നാല് തീയതികളിലാണ് ഇറങ്ങേണ്ട സ്ഥലം സ്‌കാൻ ചെയ്ത് ആദ്യഘട്ട ലാൻഡിംഗ് മാപ് തയാറാക്കുന്നത്. ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ലാൻഡർ ചന്ദ്രനിലിറങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യുന്നതോടെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.