pala-by-election

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ. മാണി മത്സരിക്കില്ലെന്ന് തീരുമാനം. ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോസ് ടോം പുലിക്കുന്നേൽ. ഏഴംഗ സമിതിയാണ് ജോസ് ടോമിന്റെ പേര് നിർദേശിച്ചത്. കുടുംബത്തിൽ നിന്ന് ആരും മത്സരിക്കണ്ടെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.

ജോസ് ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. നേരത്തെ നിഷ ജോസ് കെ. മാണിക്ക് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിർപ്പുണ്ടായിരുന്നു. തുടർന്ന് മറ്റൊരാളെ കണ്ടെത്താൻ ജോസ് കെ മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു. ജോസഫ് വിഭാഗത്തെ പിണക്കാതെയുള്ള സ്ഥാനാർഥിയാകണമെന്ന് യു.ഡി.എഫ് നേതൃത്വവും ആഗ്രഹിച്ചിരുന്നു. തുടർന്നാണ് ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.

എന്നാൽ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി.ജെ ജോസഫ് രംഗത്തെത്തി. പാലായിൽ ജോസ് ടോം പുലിക്കുന്നേൽ മത്സരിക്കുന്നത് അംഗീകരിക്കില്ലെന്ന് ജോസഫ് പറഞ്ഞു.