സിൽവാസ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിക്ക് എതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ രൂക്ഷ വിമർശനം. രാഹുലിന്റെ പ്രതികരണത്തിന് പാകിസ്ഥാനിൽ പ്രശംസയാണ്. രാഹുൽ എന്തു പറഞ്ഞാലും ഇപ്പോൾ പാകിസ്ഥാൻ കൈയടിക്കും.
കാശ്‌മീർ വിഷയത്തിൽ ഐക്യാരാഷ്ട്ര സംഘടനയ്ക്കു നൽകിയ പരാതിയിൽ പാകിസ്ഥാൻ രാഹുലിന്റെ പ്രസ്താവന ഉപയോഗപ്പെടുത്തിയതോർത്ത് അദ്ദേഹം ലജ്ജിക്കണമെന്നും ഷാ പറഞ്ഞു. ദാദ്രാ നഗർഹവേലിയിൽ പൊതുചടങ്ങിനിടെയായിരുന്നു കോൺഗ്രസിനും രാഹുലിനുമെതിരെ അമിത് ഷായുടെ ആക്രമണം.
കോൺഗ്രസ് മുൻ അദ്ധ്യക്ഷന്റെ പ്രസ്താവന രാജ്യത്തിനെതിരെ പാകിസ്ഥാൻ ഉപയോഗിക്കുന്നത് അവരുടെ പാർട്ടിക്കു തന്നെ നാണക്കേടാണ്. കാശ്മീർ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം യു.എന്നിന് നൽകിയ കത്തിൽ രാഹുലിന്റെ അഭിപ്രായം തങ്ങൾ ഉൾപ്പെടുത്തിയെന്ന പാക് മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരിയുടെ വെളിപ്പെടുത്തൽ ഓർമ്മിപ്പിച്ച് ഷാ പറഞ്ഞു. കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന 370-ാം ഭരണഘടനാ അനുച്ഛേദം റദ്ദാക്കിയ നടപടി സംസ്ഥാനത്തിന് വികസനത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതാണെന്നും അമിത് ഷാ തുടർന്നു.
കാശ്മീരിലെ ക്രമസമാധാന അന്തരീക്ഷത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും, എന്നാൽ അവിടെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും സമാധാനം നിറഞ്ഞ അന്തരീക്ഷമാണുള്ളതെന്നും ഷാ പറഞ്ഞു. വെടിയുണ്ടകളോ കണ്ണീർ വാതകമോ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും ആരും ഇതുവരെ കൊല്ലപ്പെട്ടിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.