കൊച്ചി: സീറോ മലബാർ സഭയെ അടിമുടി ഉലച്ച ഭൂമി ഇടപാട് വിവാദം കെട്ടടങ്ങുന്നു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചും അനുകൂലിച്ചും നിലയുറപ്പിച്ച ചേരികൾ മുറിവുണക്കൽ ദൗത്യം തുടങ്ങി. സിനഡ് തീരുമാനങ്ങളിൽ ആരും തോൽക്കുകയോ ജയിക്കുകയോ ചെയ്തില്ലെങ്കിലും മേജർ ആർച്ച് ബിഷപ്പ് കരുത്ത് ഉറപ്പിച്ചതായാണ് വിലയിരുത്തൽ.
സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു അതിരൂപതയുടെ വിഷയം മാത്രം സിനഡ് ചർച്ച ചെയ്തത്. രണ്ടു വർഷം സഭയ്ക്കുള്ളിലും പൊതുസമൂഹത്തിലും പുകഞ്ഞുനിന്ന ഭൂമി ഇടപാട് വിവാദം പരിഹരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ബിഷപ്പുമാരുടെ കൂട്ടായ്മ ഏറ്റെടുത്തത്. എറണാകുളം അങ്കമാലി രൂപതയ്ക്ക് ഭരണച്ചുമതലയുള്ള പ്രത്യേക ബിഷപ്പിനെ നിയമിച്ചതോടെ വിമതവിഭാഗം തൃപ്തരായി. ചുമതലകളിൽ നിന്ന് ഒഴിവാക്കിയ രണ്ടു സഹായ മെത്രന്മാർക്ക് പകരം പദവി നൽകി. ഭരണച്ചുമതല ലഭിച്ച ബിഷപ്പ് ആന്റണി കരിയിൽ, മാണ്ഡ്യയിൽ നിയമിതനായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡൽഹിയിലെ ഫരീദാബാദ് ബിഷപ്പായി നിയോഗിക്കപ്പെട്ട ജോസ് പുത്തൻവീട്ടിൽ എന്നിവർ ഒരുമിച്ച് ഇന്നലെ രാവിലെ അതിരൂപതാ ആസ്ഥാനത്ത് എത്തിയതോടെ കലഹങ്ങൾ സമാധാനത്തിലേയ്ക്ക് വഴിതിരിഞ്ഞു.
തങ്ങളെയും വിശ്വാസത്തിലെടുക്കാൻ സഭ തയ്യാറായെന്ന വിലയിരുത്തലിൽ അതിരൂപതാ സുതാര്യതാ സമിതി, അൽമായ മുന്നേറ്റം, അതിരൂപതാ സംരക്ഷണ സമിതി എന്നിവ സംതൃപ്തിയിലാണ്. പ്രശ്നങ്ങൾ ഒഴിഞ്ഞതിന്റെ ആശ്വാസം വിശ്വാസികൾക്ക് പൊതുവിലുമുണ്ട്. ഇന്നലെ സിനഡിന്റെ സർക്കുലർ പള്ളികളിൽ വായിച്ചതും സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു.
അതിരൂപതയുടെ ബാദ്ധ്യതകൾ തീർക്കാൻ സ്വത്തുക്കൾ വിറ്റഴിച്ചത് കൂടുതൽ നഷ്ടത്തിനു വഴിതെളിച്ചെന്നതാണ് അടിസ്ഥാന ആരോപണം. സഭാനിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിക്കപ്പെട്ട സ്ഥലമിടപാടിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും പങ്കുണ്ടെന്ന് ഒരുവിഭാഗം വൈദികരും വിശ്വാസികളും ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. വിവാദത്തെച്ചൊല്ലി സഭയിലുണ്ടായ ഭിന്നത ഒഴിവാക്കുന്ന തീരുമാനങ്ങൾ സിനഡിലുണ്ടായി. വിമതസ്വരം ഉയർത്തിയ വൈദികർ, അൽമായ സംഘടനകൾ എന്നിവരെ വിമർശിച്ചെങ്കിലും നടപടിക്ക് സിനഡ് മുതിർന്നില്ല. വിമതരെന്ന് സഭ വിശേഷിപ്പിച്ച വിഭാഗങ്ങൾ ഉന്നയിച്ച പല ആവശ്യങ്ങളും ബിഷപ്പുമാരെക്കൊണ്ട് തള്ളിക്കളയിക്കാൻ കഴിഞ്ഞത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കരുത്തിന്റെ പ്രകടനമായാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ.