സ്‌കൂളുകൾക്ക് അപേക്ഷിക്കാം
കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഏർപ്പെടുത്തുന്ന പരിസ്ഥിതി -ഊർജ സംരക്ഷ പുരസ്‌കാരത്തിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇക്കുറി മികച്ച സ്‌കൂളുകൾക്ക് നൽകുന്ന അവാർഡിന് പുറമേ, മികച്ച പരിസ്ഥിതി - ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി മാർഗനിർദേശം നൽകുകയും വിദ്യാർത്ഥികളെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന അദ്ധ്യാപകർക്കും പ്രത്യേക അവാർഡ് നൽകും.
സംസ്ഥാനതലത്തിൽ ഒന്നാമതെത്തുന്ന സ്‌കൂളിന് 50,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന രണ്ടു സ്‌കൂളുകൾക്ക് 25,000 രൂപ വീതവും മൂന്നാമതെത്തുന്ന മൂന്നു സ്‌കൂളുകൾക്ക് 15,000 രൂപ വീതവും ക്യാഷ് അവാർഡ് ലഭിക്കും. മികച്ച നിലവാരം പുലർത്തുന്ന മറ്റ് 30 സ്‌കൂളുകൾക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. എല്ലാ സ്‌കൂളുകൾക്കും ട്രോഫിയും പ്രശസ്‌തി പത്രവും ലഭിക്കും.
സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടുന്ന അദ്ധ്യാപകന് 20,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും ക്യാഷ് അവാർഡ് നൽകും. എല്ലാവർക്കും ട്രോഫിയും സമ്മാനിക്കും. മാലിന്യ നിർമാർജന സംസ്‌കരണ പരിപാടികൾ, ഹരിതവത്കരണം, മഴവെള്ള സംഭരണം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം, പരിസ്ഥിതിക്ക് ഇണങ്ങുന്ന സാധന സാമഗ്രികളുടെ നിർമ്മാണം, പരിസ്ഥിതി അനുബന്ധ ക്ളബ്ബുകളുടെ പ്രവർത്തനം, ഊർജ സംരക്ഷണ പരിപാടികൾ എന്നിവയിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം വിലയിരുത്തിയാണ് ജേതാക്കളെ കണ്ടെത്തുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ https://www.wonderla.com/ എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്‌ത്, സെപ്‌തംബർ 30നകം 'ദി കോ-ഓർഡിനേറ്റർ, വണ്ടർല പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡ് - 2019, വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്, പള്ളിക്കര, കൊച്ചി - 683565" എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 75938 53107