kerala-police-troll-

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ഏർപ്പെടുത്തുന്ന മോട്ടോർ വാഹന ഭേദഗതി ബിൽ ഇന്നുമുതൽ നടപ്പാക്കിതുടങ്ങി. റോഡുകളിലെ ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ വിവരം ജനങ്ങളെ ബോധവത്കരിക്കാൻ കിടിലൻ ട്രോളുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്.

മീശമാധവൻ എന്ന സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പിള്ളേച്ചൻ എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് രസകരമായ ട്രോൾ പൊലീസ് ഉണ്ടാക്കിയിരിക്കുന്നത്. നിയമം മാറിയതറിയാതെ പതുങ്ങി വരുന്ന പിള്ളേച്ചൻ പുതിയ നിയമത്തെക്കണ്ട് തൊഴുന്നതും കീശകീറരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോൾ. പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ ട്രോള്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രോളിന് നിരവധി ഷെയറുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഗതാഗതം നിയമ ലംഘിക്കുന്നവർ നിലവിൽ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നല്‍കേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 15000 രൂപയുമാണ് പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ 10000 രൂപ പിഴ നല്‍കേണ്ടതായി വരും. ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ യാത്ര ചെയ്താൽ1000 രൂപയാണ് പിഴ. അമിത വേഗതയിൽ വാഹനം ഓടിച്ചാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയുമാണ് പിഴ ഈടാക്കുക. ചുവപ്പ് സിഗ്‌നൽ തെറ്റിച്ചാൽ 10000 രൂപയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ 5000 രൂപയും ഒന്നിൽ കൂടുതല്‍ ആളുകളെ ഇരു ചക്രവാഹനത്തിൽ കയറ്റിയാൽ 2,000 രൂപയുമാണ് പിഴ ഒടുക്കേണ്ടത്.