ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ ഇന്ന് സന്ദർശിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പാകിസ്ഥാന്റെ അനുമതി. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസാണ് ഇക്കാര്യം ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്.
ഇക്കഴിഞ്ഞ ജൂലായ് 17ന് അന്താരാഷ്ട്ര നീതിന്യായ കോടതി കുൽഭൂഷണിന് നയതന്ത്ര സഹായം നൽകണമെന്നും കേസ് പുന:രവലോകനം നടത്തണമെന്നും പാകിസ്ഥാനോട് നിർദ്ദേശിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക് നിയമം അനുസരിച്ചുള്ള നയതന്ത്ര സഹായം നൽകുമെന്ന് പാകിസ്ഥാൻ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് തടസമില്ലാത്ത രീതിയിലുള്ള നയതന്ത്ര സഹായം കുൽഭൂഷണിന് നൽകണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ പ്രതിനിധികൾ കുൽഭൂഷണിനെ കാണുമ്പോൾ, പാകിസ്ഥാൻ പ്രതിനിധികൾ ഒപ്പമുണ്ടാകുമെന്ന നിബന്ധന ഇന്ത്യ തള്ളുകയായിരുന്നു.
2017 ഏപ്രിലിലാണ് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണിനെ(49) പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുൽഭൂഷണിന്റെ മോചനത്തിനായി ഇന്ത്യ നിരന്തരം പാകിസ്ഥാനുമായി ബന്ധപ്പെട്ടെങ്കിലും പാകിസ്ഥാൻ വഴങ്ങാതെ വന്നതോടെയാണ്, ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. 2016 മാർച്ച് മൂന്നിനാണ് കുൽഭൂഷൺ അറസ്റ്റിലായത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാരപ്രവർത്തനത്തിന് ശ്രമിക്കുമ്പോൾ അറസ്റ്റ് ചെയ്തെന്നാണ് പാക് വാദം.
2016 മാർച്ച് 3: ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോകുന്നു.
ഏപ്രിൽ 10: ചാരപ്രവർത്തനത്തിനു സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടു. 13 പാക്ക് തടവുകാരെ വിട്ടയയ്ക്കാനിരുന്നത് ഇന്ത്യ റദ്ദാക്കി.
ഏപ്രിൽ 15: പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകളും ഇന്ത്യ നിർത്തിവച്ചു.
ഏപ്രിൽ 20: കുൽഭൂഷൺ ജാദവിനെ കാണാനുള്ള ഇന്ത്യയുടെ ആവശ്യം പതിനഞ്ചാം തവണയും പാക്കിസ്ഥാൻ തള്ളി.
മേയ് 8: ഇന്ത്യ പാക്കിസ്ഥാനെതിരെ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചു.
മേയ് 9: ജാദവിന്റെ വധശിക്ഷ കോടതി താൽക്കാലികമായി തടഞ്ഞു.
ഫെബ്രുവരി 18: കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ രാജ്യാന്തര കോടതി വാദം ആരംഭിച്ചു.
ജൂലായ് 17: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് രാജ്യാന്തര കോടതിയുടെ വിധി.