സിൽവാസ (ദാദ്ര നഗർ ഹവേലി): കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്തുസംസാരിച്ചാലും പാകിസ്ഥാനിൽ അതിന് കൈയടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദാദ്ര നഗർ ഹവേലിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് കാശ്മീർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും അമിത് ഷായുടെ വിമർശനം.
കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കാശ്മീരിനെ പുനർവിഭജനം ചെയ്ത നടപടിയെയും രാജ്യം മുഴുവൻ പിന്തുണയ്ക്കുമ്പോൾ ചിലർ ഇപ്പോഴും അതിനെ എതിർക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കോൺഗ്രസ് എതിർക്കുന്നു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്ഥാനിൽ ആർപ്പുവിളിയാണ്. കാശ്മീർ വിഷയത്തിൽ അദ്ദേഹം നടത്തിയ പരാമർശം പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ കത്തിൽ പോലും ഉൾപ്പെടുത്തി. നിങ്ങളുടെ പ്രസ്താവനകളും പരാമർശങ്ങളും ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ബാലക്കോട്ട് ആക്രമണത്തിന്റെയും സർജിക്കൽ സ്ട്രൈക്കിന്റെയും ആധികാരികത കോൺഗ്രസ് ചോദ്യം ചെയ്‌തെന്നും ജെ.എൻ.യുവിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അണിനിരക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.